കെ.എസ് ആര്‍.ടിസിയില്‍ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. തിരുവനന്തപുരം ഡിപ്പോയില്‍ 60ലേറെ സര്‍വീസുകളാണ് മുടങ്ങിയത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള മറ്റ് ഡിപ്പോകളിലും സര്‍വ്വീസുകള്‍ മടങ്ങി. തെക്കന്‍ ജില്ലകളില്‍ യാത്രാ ക്ലേശം രൂക്ഷമാണ് സമരം നേരിടാന്‍ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ എസ്മ പ്രഖ്യാപിച്ചു.
ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം ഒത്തു തീര്‍പ്പാക്കാന്‍ ധാരണയായിരുന്നു. എട്ടു മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകള്‍ക്കു പുറമേ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ നീളുന്ന 12 മണിക്കൂറുള്ള പുതിയ ഒരു ഷിഫ്റ്റ് കൂടി ഏര്‍പ്പെടുത്തി. നൈറ്റ് ഡ്യൂട്ടി മാസത്തില്‍ ഒരു ആഴ്ച മാത്രമേ ഉണ്ടാകൂ എന്നും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ഇന്നലെ ഉച്ചയ്ക്ക് തൊഴിലാളി നേതാക്കള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ധാരണ അംഗീകരിക്കില്ലെന്നായിരുന്നു പുതിയ ജീവനക്കാരുടെ നിലപാട് മാറ്റം. പുതിയ ഷിഫ്റ്റ് അംഗീകരിക്കാനാകില്ലെന്നും തുടര്‍ച്ചയായി നെറ്റ് ഡ്യൂട്ടി ചെയ്യാനാകില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
തിങ്കളാച മുതല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് പലയിടത്തും സര്‍വ്വീസ് മുടങ്ങി. ഓരോ ദിവസവും സര്‍വ്വീസ് കഴിഞ്ഞ് ഡിപ്പോകളില്‍ തിരിച്ചെത്തുന്ന ബസുകള്‍ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് മെക്കാനിക്കല്‍ വിഭാഗമാണ്. ചില ഡിപ്പോകളില്‍ ഡിപ്പോ മാനേജര്‍മാരെ വെച്ച് ഫിറ്റ്നസ് പരിശോധന നടത്താന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. അംഗീകൃത യൂണിയനുകളെല്ലാം സമരം പിന്‍വലിച്ചിട്ടും ഒരു വിഭാഗം തൊഴിലാളികള്‍ സമരം തുടരുന്നതിനാല്‍ കടുത്ത നടപടിയുമായി കെ.എസ്.ആര്‍.ടി.സി മുന്നോട്ട് പോകുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്നവരെ അറിയിപ്പില്ലാതെ പിരിച്ചുവിടാനാണ് നീക്കം.
