വടകര: പുലർച്ചെ രണ്ട് മണിക്ക് വിദ്യാർത്ഥിനിയോട് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ജീവനക്കാരുടെ ക്രൂരത. വിദ്യാര്‍ഥിനി ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല. വിദ്യാർഥിനിയെ ഇറക്കാൻ പൊലീസ് രണ്ടിടങ്ങളില്‍ കൈകാണിച്ചിട്ടും ബസ് നിര്‍ത്താന്‍ തയ്യാറായില്ല. ഒടുവില്‍ 20 കിലോ മീറ്റർ അകലെ ചോന്പാലില്‍ പൊലീസ്ജീ പ്പ് കുറുകെ ഇട്ട് തടഞ്ഞാണ് വിദ്യാർത്ഥിനിയെ പൊലീസ് ഇറക്കിയത്.

കോട്ടയം പാലയില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയ വിദ്യാര്‍ഥിനി തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ സുഹൃത്തുക്കളെല്ലാം ഇറങ്ങി. ബസ് കാസര്‍കോട്ടേക്കാണെന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടി ബസില്‍ തന്നെ ഇരുന്നു. കണ്ടക്ടര്‍ എത്തി പയ്യോളിയില്‍ നിര്‍ത്തില്ലെന്ന് അറിയിച്ചപ്പോഴേക്കും ബസ് കോഴിക്കോട് വിട്ടിരുന്നു. 

പെണ്‍കുട്ടിയെ കൊണ്ട് കണ്ണൂരിലേക്കുള്ള ടിക്കറ്റും എടുപ്പിച്ചു. ഇക്കാര്യം പെണ്‍കുട്ടി പിതാവിനെ വിളിച്ചറിയിച്ചു. പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കാര്യം പറ‍ഞ്ഞു. തുടര്‍ന്ന് പൊലീസ് ബസിന് കൈകാണിച്ചു. നിര്‍ത്താതെ പോയപ്പോള്‍ വടകരയില്‍ നിര്‍ദേശം നല്‍കി. അവിടെയും പൊലീസിനെ വകവയ്ക്കാതെ ബസ് നിര്‍ത്താതെ പോയി. തുടര്‍ന്നാണ് പൊലീസ് ജീപ്പ് കുറുകെയിട്ട് ചോന്പാലില്‍ ബസ് തടഞ്ഞത്. 

രാത്രി പത്ത് മണി കഴിഞ്ഞാല്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏത് ബസും നിര്‍ത്തണമെന്ന നിയമം നിലനില്‍ക്കെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഈ ക്രൂരത. സംഭവത്തില്‍ രക്ഷിതാവ് പൊലീസിൽ പരാതി നൽകി. വിഷയത്തിൽ കെ.എസ്.ആർ.ടി.സി എം.ഡി ഇടപെട്ട് എക്സിക്യുട്ടിവ് ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്..