തിരുവനന്തപുരം: നീറ്റ് ഉള്‍പ്പടെ പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ പ്രയോജനകരമായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു കേന്ദ്രങ്ങളിലായാണ് നീറ്റ് പ്രവേശന പരീക്ഷ നടന്നത്. കേരളത്തിലെ എല്ലാ ഡിപ്പോകളില്‍നിന്ന് നീറ്റ് കേന്ദ്രങ്ങളിലേക്ക് കെ എസ് ആര്‍ ടി സി രാവിലെയും ഉച്ചയ്‌ക്ക് ശേഷവും അധിക സര്‍വ്വീസുകള്‍ ഓടിച്ചു. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കെ എസ് ആര്‍ ടി സിയുടെ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഉപകാരപ്പെട്ടു. ഇതുകൂടാതെ, പോസ്റ്റുമാന്‍, എസ് എസ് സി പരീക്ഷകള്‍ക്ക് പോയ ഉദ്യോഗാര്‍ത്ഥികള്‍ക്കും കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ പ്രയോജനകരമായി. വിവിധ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസുകള്‍ ഓടിച്ചത്. ഇതിനുള്ള നിര്‍ദ്ദേശം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ചീഫ് ഓഫീസില്‍നിന്ന് ഡിപ്പോകളില്‍ നല്‍കിയിരുന്നു. തെക്കന്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍നിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വ്വീസുകള്‍ ഓടിച്ചു. അതുപോലെ മലബാറിലെ വിവിധ ഡിപ്പോകളില്‍നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും അധിക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് മികച്ച കളക്ഷന്‍ കെ എസ് ആര്‍ ടി സിക്ക് ലഭിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കളക്ഷന്‍ സംബന്ധിച്ച ശരിയായ കണക്കുകള്‍ നാളെ ലഭ്യമാകും.