കൊച്ചി:34 വര്‍ഷത്തെ സേവനത്തിന് ശേഷം മൂന്നര വര്‍ഷം മുന്‍പ് കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചയാള്‍ ചികിത്സ മുടങ്ങിയതിനെ തുടര്‍ന്ന് മരിച്ചു. കൊച്ചി പുതുവൈപ്പ് വലിയപറമ്പില്‍ വീട്ടില്‍ റോയ്(59) ആണ് പെന്‍ഷനും മറ്റു വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതോടെ ചികിത്സ മുടങ്ങി മരിച്ചത്. 

ഏറെനാളായി ഹൃദ്രോഗബാധിതനായിരുന്ന റോയി ഒരു വര്‍ഷംമുന്‍പ് വണ്ടാനം മെഡി.കോളേജില്‍ ചികിത്സ തേടിയപ്പോള്‍ എത്രയും പെട്ടെന്ന് ശസ്ത്രക്രിയക്ക് വിധേയനാവണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നരലക്ഷത്തിലേറെ ചിലവു വരുന്ന ഈ ശസ്ത്രക്രിയ ചെയ്യാനുള്ള പണം റോയിയുടെ കൈവശമില്ലായിരുന്നു. പിന്നീട് ആയുര്‍വേദചികിത്സ പരീക്ഷിച്ചു നോക്കിയെങ്കിലും അവസാനഘട്ടത്തില്‍ പണമില്ലാതെ ഇതും മുടങ്ങി. 

മൂന്നരവര്‍ഷം മുന്‍പ് സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും പെന്‍ഷന്‍ കുടിശ്ശികയടക്കം പത്ത് ലക്ഷത്തിലേറെ രൂപ റോയിക്ക് കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിക്കാന്‍ ബാക്കിയുണ്ടെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. 

വിരമിക്കും മുന്‍പ് കൊച്ചിയില്‍ വരെ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തിരുന്ന റോയി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അവസാനകാലത്ത് നേരിട്ടിരുന്നത്. അനാരോഗ്യം മൂലം റോയിക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ ഭാര്യ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയത്. 34 വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലിരുന്ന റോയി ദരിദ്രനായി മരണത്തിന് കീഴടങ്ങിയതോടെ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിനും നാഥനില്ലാതാവുകയാണ്.