തിരുവനന്തപുരം: കെഎസ്ആര്‍ടസി പെൻഷൻ വിതരണത്തിനുളള ധാരണാപത്രത്തിന്‍റെ കരട് ഇന്ന് തയ്യാറാക്കും. ഒരാഴ്ചയ്ക്കകം പെൻഷൻ കുടിശ്ശിക തീർക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടസി പെൻഷൻകാർ . അൽപം നേരത്തെ ഇടപെട്ടുവെങ്കിൽ 15 പെൻഷൻകാരുടെ ജീവിതം പൊലിയില്ലായിരുന്നെന്ന് ഇവർ പറയുന്നു.

അഞ്ചുമാസക്കാലമായി പെൻഷൻ മുടങ്ങിയ 38000 പെൻഷൻകാർ. ഒരുനേരത്തെ ഭക്ഷണത്തിനും മരുന്നിനും വരെ പണംകണ്ടെത്താനാവാതെ പകച്ചുനിന്നവർ...ജീവിതം കട്ടപ്പുറത്തെന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ഈ ദുരിതജീവിതം പുറംലോകത്തെ അറിയിച്ചു. തുടർന്ന് സർക്കാർ ഇടപെടലിലൂടെ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി വായ്പയെടുക്കാൻ ധാരണ. ഇതിനിടെ പ്രതിസന്ധി തരണംചെയ്യാനാവാതെ 15പേർ ജീവനൊടുക്കി. ദിവസങ്ങൾക്കകം പെൻഷൻ കുടിശ്ശിക കയ്യിലെത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലാണ് ഇവരുടെ വിശ്വാസം.

ജൂലൈ വരെയുളള പെൻഷനും ഇതുവരെയുളള കുടിശ്ശികയ്ക്കും ആകേ വേണ്ടത് 584 കോടി രൂപ.ഇത്രയും തുക സഹകരണബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുക്കും. സർക്കാരാണ് ഗ്യാരണ്ടി. സഹകരണ ,ധന വകുപ്പ് സെക്രട്ടറിമാർ കെഎസ്ആർടിസി എംഡി എന്നിവർ ചേർന്ന് അടുത്ത ദിവസംതന്നെ ധാരണാപത്രം ഒപ്പിടും .ജൂലൈ വരെ പെൻഷൻ വിതരണം ചെയ്യാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വേണമെങ്തിൽ ഇതിന് ശേഷവും വായ്പ നൽകാമെന്നാണ് സഹകരണ വകുപ്പിന്റെ നിലപാട്. എന്നാൽ തത്ക്കാലം കൈപ്പിടിച്ചുയർത്തി ഭാവിയിൽ സ്വന്തംനിലയ്ക്ക് തന്നെ പെൻഷൻ നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യം.