തിരുവനന്തപുരം: ഏഴാം തീയതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നൽകാനാകാതെ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിക്ക് സര്‍ക്കാരിന്റെ വക ധനസഹായം.ഈ മാസത്തെ ശമ്പള വിതരണത്തിന് ആവശ്യമായ 70 കോടി രൂപ അനുവദിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ക്ഷേമ പെൻഷൻ നിയന്ത്രണങ്ങളിൽ ചർച്ച ആകുമെന്നും തോമസ് ഐസക്ക്.
പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നൽകാനാകാതെ കെഎസ്ആർടിസി വലഞ്ഞത്. കഴിഞ്ഞമാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണു ശമ്പളം വിതരണം ചെയ്തത്. ഈ മാസവും അതേ സ്ഥിതി തുടരുന്ന സാഹചര്യമാണു നിലവിലുള്ളത്. പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതിയില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം 164 കോടിരൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ടത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1075.28 കോടി രൂപയാണു കെഎസ്ആര്‍ടിസിക്കു സഹായമായി നല്‍കിയത്. ഒരു മാസത്തെ പെന്‍ഷനും രണ്ടു മാസത്തെ ശമ്പളത്തിനും മുഴുവന്‍ തുകയും നല്‍കി. മറ്റു മാസങ്ങളില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയോടെ വായ്പയെടുക്കാന്‍ സഹായിച്ചു. 3350 കോടിയുടെ കണ്‍സോർഷ്യം വായ്പ ലഭിച്ചാല്‍ പ്രതിമാസം 60 കോടിരൂപ തിരിച്ചടവില്‍ ലാഭിക്കാനാകുമെന്നാണു കോര്‍പറേഷന്റെ പ്രതീക്ഷ
