തിരുവനന്തപുരം: കഴിഞ്ഞ ദിവസം പി എസ് സി നടത്തിയ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷ എഴുതാനെത്തിയ മല്‍സരാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യമൊരുക്കി കെ എസ് ആര്‍ ടി സി. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ അപേക്ഷകര്‍ക്കായി നടത്തിയ പരീക്ഷയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് കെഎസ്ആര്‍ടിസി യാത്രാസൗകര്യമൊരുക്കിയത്. ഇരു ജില്ലകളിലുമായി ഏകദേശം നാലരലക്ഷം പേരാണ് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ എഴുതിയത്. പി എസ് സി പരീക്ഷയുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസുകള്‍ നടത്തിയിരുന്നു. ഇതേദിവസം കെ എസ് ആര്‍ ടി സിയുടെ വരുമാനം 6,20,13391 രൂപ ആയിരുന്നു. നേരത്തെ നീറ്റ് പ്രവേശന പരീക്ഷ, കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പ്രവേശന പരീക്ഷ എന്നിവ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസുകള്‍ നടത്തിയിരുന്നു. ഈ സര്‍വ്വീസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസകരമാകുകകയും, കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം നേടിക്കൊടുക്കുകയും ചെയ്‌തിരുന്നു. അടുത്തിടെയാണ്, പരീക്ഷകളോടും മറ്റും അനുബന്ധിച്ച് കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസുകള്‍ നടത്തിത്തുടങ്ങിയത്. കൂടാതെ ബംഗളുരുവില്‍നിന്ന് വാരാന്ത്യങ്ങളിലും വിഷു, ഈസ്റ്റര്‍, മെയ് ദിനം പോലെയുള്ള അവധി ദിവസങ്ങളിലും അധിക സര്‍വ്വീസുകള്‍ നടത്തിയിരുന്നു. ഇവയെല്ലാം മികച്ച വരുമാനം നേടിക്കൊടുക്കുകയും ചെയ്‌തിരുന്നു. ഡിപ്പോകളിലെ സ്‌പെയര്‍ ബസുകള്‍ ക്രമീകരിച്ചാണ് ഇത്തരത്തില്‍ അധിക സര്‍വ്വീസുകള്‍ കെ എസ് ആര്‍ ടി സി നടത്തുന്നത്. ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഇത്തരം സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍നിന്ന് ലഭിക്കുന്നത്.