തിരുവനന്തപുരം: കെ.എസ്ആര്‍.ടിസിയില്‍ സമരം തുടര്‍ന്നാല്‍ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി എം.ഡി. രാജമാണിക്യം. 
മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം നേരിടാന്‍ കെ.എസ്.ആര്‍.ടിസി എം.ഡി എസ്മ പ്രഖ്യാപിച്ചു. സമരം ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രിയും തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നുമാണ് ജീവനക്കാരുടെ നിലപാട്.

ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം ഒത്തു തീര്‍പ്പാക്കാന്‍ ധാരണയായിരുന്നു. എട്ടുമണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകള്‍ക്കു പുറമേ രാത്രി 7 മണി മുതല്‍ പകല്‍ 7 വരെ നീളുന്ന പന്ത്രണ്ട് മണിക്കൂറുള്ള പുതിയ ഒരു ഷിഫ്റ്റ് കൂടി ഏര്‍പ്പെടുത്തി . നൈറ്റ് ഡ്യൂട്ടി മാസത്തില്‍ ഒരു ആഴ്ച മാത്രം. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി നേതാക്കള്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഈ ധാരണ അംഗീകരിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. പുതിയ ഷിഫ്റ്റ് അംഗീകരിക്കാനാകില്ല . തുടര്‍ച്ചയായി നെറ്റ് ഡ്യൂട്ടി ചെയ്യാനാനുമാകില്ലെന്നും ജീവനക്കാര്‍ പറയുന്നു. തിങ്കളാച മുതല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് പലയിടത്തും സര്‍വ്വീസ് മുടങ്ങി. തെക്കന്‍ കേരളത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസുകളടക്കം ദിര്‍ഘദൂര സര്‍വ്വീസുകളെല്ലാം മുടങ്ങി. 

എറണാകുളം സോണിലെ 549 സര്‍വീസുകളില്‍ 450 സര്‍വീസുകളും റദാക്കി. സമരം വടക്കന്‍ കേരളത്തിലെ സര്‍വ്വീസുകളെയും ബാധിച്ചു. കോഴിക്കോട് വയനാട് റൂട്ടിലെ 171 സര്‍വ്വീസുകളില്‍ 111 ഉം മുടങ്ങി. ചില ഡിപ്പോകളില്‍ ഡിപ്പോ മാനേജര്‍മാരെ വെച്ച് ഫിറ്റ്‌നസ് പരിശോധന നടത്താന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടിയുമായി കെ.എസ്.ആര്‍ടിസി മുന്നോട്ട് പോകുമെന്ന് എ.ഡി അറിയിച്ചത്. പണിമുടക്കില്‍ പങ്കെടുക്കുന്നവരെ അറിയിപ്പില്ലാതെ പിരിച്ചുവിടാനാണ് നീക്കം.