കോടികൾ മുടക്കി നിർമ്മിച്ച കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന് ശാപമോക്ഷമാവുന്നു. നിയമകുരുക്കുകൾ അഴിഞ്ഞതോടെ ടെർമിനലിലെ വാണിജ്യസമുച്ചയം വാടകയ്ക്ക് നൽകാനായി ഉടൻ ടെൻഡർ ചെയ്യും.
കോഴിക്കോട്: കോടികൾ മുടക്കി നിർമ്മിച്ച കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന് ശാപമോക്ഷമാവുന്നു. നിയമകുരുക്കുകൾ അഴിഞ്ഞതോടെ ടെർമിനലിലെ വാണിജ്യസമുച്ചയം വാടകയ്ക്ക് നൽകാനായി ഉടൻ ടെൻഡർ ചെയ്യും.
65 കോടി രൂപ ചെലവിൽ ബിഒടി അടിസ്ഥാനത്തിൽ നിർമ്മിച്ചതാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെർമിനൽ. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് നിർമ്മാണം നടത്തിയത്. 2015 ൽ നിർമ്മാണം പൂർത്തിയായി.എന്നാൽ നാളിത് വരെ ഈ 14 നില കെട്ടിടത്തിൽ നിന്ന് ഒരു രൂപ പോലും വരുമാനമായി ലഭിച്ചിട്ടില്ല.
2016 ൽ സ്വകാര്യ കന്പനിക്ക് കെട്ടിടം പാട്ടത്തിന് നൽകിയുന്നു. 30 വർഷത്തേക്കായിരുന്നു കരാർ. 50 കോടി രൂപ തിരിച്ച് നൽകേണ്ടാത്ത നിക്ഷേപമായും 50 ലക്ഷം രൂപ പ്രതിമാസം വാടകയായും നൽകണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ അഗ്നിശമന സേന വിഭാഗത്തിന്റെ സർട്ടിഫിക്കറ്റും കോർപ്പറേഷനിൽ നിന്ന് കെട്ടിട നന്പറും കിട്ടാൻ വൈകിയതോടെ കരാർ അസാധുവായി.
തുടർന്ന് കരാറുകാരൻ കോടതിയിൽ പോയി. ടെൻഡറിൽ പങ്കെടുത്ത മറ്റൊരു കന്പനിയും കോടതിയെ സമീപിച്ചതോടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. അടുത്തിടെ അഗ്നിശമന സേന വിഭാഗത്തിന്റെ സർട്ടിഫിക്കറ്റും കോർപ്പറേഷനിൽ നിന്നും കെട്ടിടനന്പറും കിട്ടി. കോടതിയിലെ കേസുകളും ഒത്തുതീർപ്പാക്കി.
രണ്ടര ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടം ഒറ്റ യൂണിറ്റായാണ് ടെൻഡർ ചെയ്യുക. കരാറുകാരന് മറ്റ് സ്ഥാപനങ്ങൾക്ക് സ്ഥലം അനുവദിച്ച് വാടക ഈടാക്കാം. കെട്ടിട നന്പർ കിട്ടിയതോടെ വെള്ളം വൈദ്യുതി കണക്ഷനുകളും ഉടൻ ലഭിക്കും.
