തിരുവനന്തപുരം: കൊല്ലം-എറാണകുളം പാതയില്‍ തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നു. യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതല്‍ ബസുകള്‍ ഓടിക്കുന്നതിനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുള്ളതെന്ന് എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ ജി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതിനായി കെ എസ് ആര്‍ ടി സിയുടെ ഒരു ഇന്‍സ്‌പെക്‌ടറെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് എറണാകുളത്തേക്കും തിരിച്ചും ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് ആറ് വരെയാണ് കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസ് നടത്തുന്നത്. തീവണ്ടി ഗതാഗത നിയന്ത്രണം കാരണം വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസവുമായാണ് കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നത്. നിയന്ത്രണം മൂലം ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. ചില ദിവസങ്ങളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചിരിക്കുന്നത്.
റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് കൊല്ലം-എറണാകുളം പാതയില്‍ തീവണ്ടി സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് ആറ് വരെയാണ് തീവണ്ടി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും കായംകുളം-കോട്ടയം-എറണാകുളം പാതയിലാണ് തീവണ്ടികള്‍ക്ക് നിയന്ത്രണമുള്ളത്. ഇതിനാല്‍ ദേശീയപാത വഴിയും എം സി റോഡ് വഴിയും കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഓടിക്കും.
