Asianet News MalayalamAsianet News Malayalam

ബംഗളുരു മലയാളികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ സമ്മാനം; വാരാന്ത്യ സര്‍വ്വീസുകള്‍ തുടങ്ങുന്നു

ksrtc to start weekend services from bangaluru
Author
First Published May 9, 2017, 6:52 PM IST

തിരുവനന്തപുരം: ആഴ്ചതോറും നാട്ടില്‍പ്പോകുന്ന ബംഗളുരുവിലെ മലയാളികള്‍ക്ക് സമ്മാനവുമായി കെ എസ് ആര്‍ ടി സി. മലയാളികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന വാരാന്ത്യ സര്‍വ്വീസുകള്‍ക്ക് കെ എസ് ആര്‍ ടി സി തുടക്കമിടുന്നു. പുതിയ വാരാന്ത്യ സര്‍വ്വീസുകള്‍ ഈ ആഴ്‌ച മുതല്‍ ഓടിത്തുടങ്ങുമെന്ന് കെ എസ് ആര്‍ ടി സി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ (ഓപ്പറേഷന്‍സ്) ജി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വെള്ളിയാഴ്ചകളില്‍ ബംഗളുരുവില്‍നിന്ന് കേരളത്തിലേക്കും ഞായറാഴ്‌ച വൈകിട്ട് ബംഗളുരുവിലേക്കുമാണ് ഈ ബസുകള്‍ ഓടുന്നത്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് വാരാന്ത്യ സര്‍വ്വീസുകള്‍ ഓടിക്കുന്നത്. ഇതില്‍ കോഴിക്കോട്ടേക്ക് രണ്ടു ബസുകള്‍ ഉണ്ടാകും. പരീക്ഷണാര്‍ത്ഥമായിരിക്കും ബസുകള്‍ ഓടിച്ചുതുടങ്ങുക. തുടക്കത്തിലെ വിവിധ ഡിപ്പോകളിലെ സ്പെയര്‍ ബസുകളായിരിക്കും സര്‍വ്വീസിന് ഉപയോഗിക്കുക. വിജയകരമാണെന്ന് കണ്ടാല്‍ പുതിയ ബസുകള്‍ ഉപയോഗിച്ച് സര്‍വ്വീസുകള്‍ തുടരും.

കര്‍ണാടക ആര്‍ ടി സി ഏറെക്കാലമായി വാരാന്ത്യ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഓടിക്കുന്നുണ്ട്. ഈ മാതൃകയില്‍ കെ എസ് ആര്‍ ടി സിയുടെ വാരാന്ത്യ ദിവസങ്ങളില്‍ സര്‍വ്വീസ് തുടങ്ങണമെന്നായിരുന്നു മലയാളികളുടെ ഏറെക്കാലമായുള്ള ആവശ്യം. ഒടുവില്‍ ബംഗളുരു മലയാളികളുടെ ആവശ്യം കെ എസ് ആര്‍ ടി സി അംഗീകരിക്കുകയായിരുന്നു. നിലവില്‍ ആഴ്‌ചതോറും നാട്ടിലേക്ക് വരുന്ന മലയാളികള്‍ സ്വകാര്യബസുകള്‍ക്ക് കഴുത്തറുപ്പന്‍ നിരക്ക് നല്‍കിയാണ് യാത്ര ചെയ്തിരുന്നത്. ഈ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സിയുടെ തീരുമാനം നിരവധി മലയാളി യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്പർ ഡീലക്സ്സ് / എക്സ്പ്രസ്സ് ബസ്സുകളാണ് മേൽപ്പറഞ്ഞ സർവ്വീസുകൾക്കായി ഉപയോഗിക്കുന്നത്. 

ബസുകളുടെ സമയവിവരവും ടിക്കറ്റ് നിരക്കുകളും ഇങ്ങനെയാണ്

മേയ് 12ന് ബാംഗ്ലൂരിൽ നിന്നും 
     18:30 എറണാകുളം S.DLX- Rs.829/-
     19:15 തൃശ്ശൂർ S.DLX - Rs.752/-
     20:20 കോഴിക്കോട് S.EXP - Rs.478/-
     21:26 കോഴിക്കോട് S.EXP - Rs.478/-

മേയ് 14ന് ബാംഗ്ലൂരിലേക്ക്
     18:00 എറണാകുളത്ത് നിന്നും  S.DLX - Rs.829/-
     19:15 തൃശ്ശൂർ നിന്നും S.DLX - Rs.752/-
     20:20 കോഴിക്കോട് നിന്നും S.EXP - Rs.478/-
     20:35 കോഴിക്കോട് നിന്നും S.EXP - Rs.478/-

എല്ലാ സർവീസുകളും കല്പറ്റ , മാനന്തവാടി , കുട്ട , മൈസൂർ വഴിയാണ്.
ഓൺ ലൈൻ ബുക്കിങ്ങിനായി www.ksrtconline.com സന്ദർശിക്കുക ....

Follow Us:
Download App:
  • android
  • ios