തുടര്‍ച്ചയായി മൂന്നാം ടേമിലും അധികാരം ആഗ്രഹിക്കുന്ന സിപിഎം ഇത്തവണ പക്ഷെ കാര്‍ക്കശ്യങ്ങൾ കൈവിടുകയാണ്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് ഉറപ്പിക്കാൻ ടേം വ്യവസ്ഥയിൽ ഇളവിന് സിപിഎം. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ വീണ്ടും മത്സരിക്കും. മണ്ഡലത്തിന്‍റെ സ്വഭാവവും എംഎൽഎമാരുടെ പ്രവര്‍ത്തന മികവും പരിണിച്ചാകും ഇളവ്.

സംഘടനാ ചുമതല എങ്കിൽ 75 വയസ്സ്. നിയമസഭയിലേക്ക് തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചാൽ എത്ര വലിയ നേതാവെങ്കിലും മാറ്റി നിര്‍ത്തണം. പരമാവധി പുമുഖങ്ങൾക്ക് അവസരം. തുടര്‍ച്ചയായി മൂന്നാം ടേമിലും അധികാരം ആഗ്രഹിക്കുന്ന സിപിഎം ഇത്തവണ പക്ഷെ കാര്‍ക്കശ്യങ്ങൾ കൈവിടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി ചിഹ്നത്തിൽ മത്സരിച്ചത് 60 പേര്‍ .അതിൽ 23 പേര്‍ രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവരാണ്. പ്രായത്തിൽ പാര്‍ട്ടി നൽകിയ ഇളവ് മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പിലും ഉറപ്പാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അടക്കം രണ്ട് ടേം പൂര്‍ത്തിയാക്കിയ ഒരുപിടി പേര്‍ക്ക് വീണ്ടും അവസരം ഉണ്ടാകും,. മാനന്തവാടിയിൽ ഒആര്‍ കേളു തുടരും, കോതമംഗലത്ത് ആന്റണി ജോണും ഇരവിപുരത്ത് എം നൗഷാദും വാമനപുരത്ത് ഡികെ മുരളിയും കാട്ടാക്കടയിൽ ഐബി സതീഷും തുടരാനാണ് സാധ്യത

. ജില്ലാ സെക്രട്ടറിയായതുകൊണ്ട് വര്‍ക്കലയിൽ വി ജോയി മാറുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴക്കൂട്ടത്ത് കടകംപള്ളിയെ നിലനിര്‍ത്തിയാലും ഒഴിവാക്കിയാലും ചര്‍ച്ചയാകും. പേരാമ്പ്രയിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ഇടതുമുന്നണി കൺവീനര്‍ ടിപി രാമകൃഷ്ണന് ഒരുപക്ഷെ മൂന്നാം ഊഴത്തിനിറക്കിയാലും അതിശയമില്ല. ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരക്കാരൻ വരും. യു പ്രതിഭയും എം മുകേഷും ഒഴിവാക്കൽ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. അതേ സമയം പാര്‍ട്ടികോട്ടകളിൽ മാറ്റി പരീക്ഷണങ്ങൾക്കാണ് സാധ്യത. കെകെ ശൈലജയും എഎൻ ഷംസീറും മാറിയേക്കും. തലശ്ശേരി മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പേര് സജീവമാണ്