തിരുവനന്തപുരം: പണിമുടക്കിയവരെ സ്ഥലം മാറ്റിയതിനെതിരെ സമരം ചെയ്ത സി.പി.ഐ അനുകൂല സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി രാഹുൽ അടക്കം അഞ്ചു പേര്‍ക്ക് കെ.എസ്.ആര്‍.ടി.സിയിൽ സസ്പെന്‍ഷൻ . കെ.എസ്.ആര്‍.ടി.സി ആസ്ഥാനം ഉപരോധിച്ച കേസിൽ റിമാൻഡിലായതിനാലാണ് സസ്പെൻഡ് ചെയ്തത്.
ഈ മാസം രണ്ടിന് സി.പി.ഐ അനുകൂല ട്രാൻസ്പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കി. പണിമുടക്കിയവരെ കൂട്ടത്തോടെ മാനേജ്മെന്‍റ് സ്ഥലം മാറ്റി. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി ആസ്ഥാനം ഉപരോധിച്ചവരെയാണ് സസ്പെന്‍ഡ് ചെയ്ത്. സമരത്തിന് നേതൃത്വം കൊടുത്ത ജനറൽ സെക്രട്ടറി എം.ജി രാഹുൽ, ട്രഷറര്‍ സി.എസ് അനില്‍കുമാര്‍ തുടങ്ങി അഞ്ചു പേര്‍ക്കാണ് സസ്പെൻഷൻ. ഒരു ജീവനക്കാര്‍ 48 മണിക്കൂറിലധികം ജുഡിഷ്യൽ കസ്റ്റഡിയിലായാൽ സസ്പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ട പ്രകാരമാണ് നടപടി. ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായി.
സ്ഥലം മാറ്റം തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നിട്ടും എം.ഡി രാജമാണിക്യം ഇതു പാലിക്കില്ലെന്നാണ് വിമര്‍ശനം. എം.ഡിയുടെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം. മുഖ്യമന്ത്രിയോട് സി.പി.ഐയും ഈ ആവശ്യമുന്നയിച്ചു.
