വനിത കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം പ്രതി പൊലീസ് പിടിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്

കൊല്ലം: കൊല്ലം പത്തനാപുരത്ത് വനിത കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റില്‍. പുന്നല സ്വദേശി സുനില്‍കുമാറിനെ ഇന്ന് രാവിലെയാണ് പത്തനാപുരം പൊലീസ് ഇയാളെ പുന്നലയിലെ വീട്ടില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് കെഎസ്ആര്‍ടിസി പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറായ ദിവ്യയെ ഓട്ടോ ഡ്രൈവര്‍ സുനില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പുന്നലയില്‍ ബസ് തിരിച്ചിടുന്നതിനിടെ ഓട്ടോയില്‍ ഇടിച്ചെന്നാരോപിച്ചായിരുന്നു സുനില്‍കുമാറിന്‍റെ ആക്രമണം.

ചീത്ത വിളിച്ച ശേഷം ഇയാള്‍ കയ്യേറ്റത്തിന് ശ്രമിച്ചതിനെത്തുടര്‍ന്ന് ദിവ്യ അടുത്ത വീട്ടിലേക്ക് രക്ഷപ്പെട്ടോടി. ഇതിനിടെ നിലത്ത് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ സുനില്‍ ഒളിവില്‍ പോയി. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഇയാള്‍ പുന്നലയിലെ വീട്ടിലെത്തിയെന്ന് പൊലീസിന് വിവരം കിട്ടി. തുടര്‍ന്ന് പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി സുനിലിനെ കസ്റ്റഡിയിലെടുത്തു.