കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം

കൊല്ലം: പത്തനാപുരത്ത് കെഎസ്ആർടിസി വനിത കണ്ടക്ടറെ ഓട്ടോ ഡ്രൈവർ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ പത്തനാപുരം പാതിരിക്കല്‍ സ്വദേശി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പത്തനാപുരത്ത് നിന്ന് പുന്നലയിലെത്തിയ ശേഷം ഡ്രൈവര്‍ ബസ് തിരിച്ചിട്ടു. 

ഈ സമയം ഇവിട പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോയിൽ ബസ് ഇടിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർ സുനിൽ രംഗത്തെത്തി. ഇയാൾ ബസ് ഡ്രൈവറേയും കണ്ടക്ടർ ദിവ്യയേയും അസഭ്യം പറഞ്ഞു. കയ്യേറ്റത്തിനും ശ്രമിച്ചു. പേടിച്ച് ദിവ്യ അടുത്ത വീട്ടിൽ അഭയം തേടി. ഇതിനിടെ വീണ് അവര്‍ക്ക് പരിക്കേറ്റു. ദിവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓട്ടേോ ഡ്രൈവർ സുനിലിനെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു.ഇയാൾ ഒളിവിലാണ്.