ഭരണപക്ഷ എംഎല്‍എ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഖാക്കള്‍ പറഞ്ഞ് അറിയാന്‍ വഴിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അറിഞ്ഞു കാണുമെന്ന് കരുതുന്നു

തിരുവനന്തപുരം: സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നിട്ടും പ്രതികരിക്കാത്ത യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിനെ കളിയാക്കി കെ എസ് യു സംസ്ഥാന സെക്രട്ടറിയുടെ കത്ത്. ഭരണപക്ഷ എംഎല്‍എ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഖാക്കള്‍ പറഞ്ഞ് അറിയാന്‍ വഴിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അറിഞ്ഞു കാണുമെന്ന് കരുതുന്നുവെന്ന് തുടങ്ങുന്ന കെ എസ് യു സംസ്ഥാന സെക്രട്ടറി വരുണ്‍ എം കെ യുടെ കത്തില്‍ സംഭവത്തില്‍ ചിന്ത നിലപാട് പ്രഖ്യാപിക്കാത്തതിലുള്ള കുറ്റപ്പെടുത്തല്‍ വ്യക്തമാണ്. 

സംഭവം അറിഞ്ഞിട്ടും അറിയാത്തത് പോലെ അഭിനയിക്കുകയാണോയെന്ന് വരുണ്‍ ചോദിക്കുന്നു. ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഇടപെടുന്നത് യുവജന ക്ഷേമത്തില്‍ ഉള്‍പ്പെടുന്നില്ലേയെന്ന് വരുണ്‍ പരിഹസിക്കുന്നു. സഹപ്രവര്‍ത്തക പീഡിപ്പിക്കപ്പെട്ടിട്ടും പ്രതികരിക്കാത്ത ചിന്ത ജിമ്മിക്കി കമ്മല്‍ വിഷയത്തില്‍ മാത്രമേ പരിഹസിക്കൂവെന്നും വരുണ്‍ പരിഹസിക്കുന്നു. എന്താണ് ചിന്തയുടെ ചിന്ത ഉണരാത്തത്. യുവജനക്ഷേമമേ ഉണരൂവെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുടെ കത്ത് അവസാനിക്കുന്നത്. ഫേസ്ബുക്കിലാണ് വരുണ്‍ എം കെ യുടെ കുറിപ്പ്.