കഴിഞ്ഞ വനിതാ ദിനത്തിലാണ് കോട്ടയം മാന്നാനം കെ.ഇ. കോളേജ് ക്യാമ്പസില്‍ സ്‌ത്രീ ലൈംഗികാവയവങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്ററുകള്‍ പതിച്ചത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിലായിരുന്നു ഇത്. ചില വാക്കുകള്‍ ചീത്തയല്ലെന്നും സംശുദ്ധമായതാണെന്നും പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ ഏതാനും വനിതാ അധ്യാപകര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. എന്നാല്‍ കടുത്ത നടപടികളെടുക്കുന്നതിന് പകരം വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു പ്രിന്‍സിപ്പല്‍ ഫാ. ബെന്നി തോട്ടനാനിയുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് കോളേജ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ വനിതാ അധ്യാപകര്‍ ബഹിഷ്കരിക്കുകയും ചെയ്തു. പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ വനിതാ കമ്മീഷനുള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റി.
പോസ്റ്ററുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം ഇത്ര വിവാദമായിട്ടും പ്രതികരിക്കാന്‍ കോളേജ് യൂണിയനോ എസ്.എഫ്.ഐ നേതൃത്വമോ തയ്യാറായിട്ടില്ല.
