വിവാദങ്ങള്‍ക്കിടെ മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി. അദീബിന്‍റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കി. അതേസമയം, മന്ത്രിക്കെതിരെ വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികരണമില്ല.  

മലപ്പുറം: വിവാദങ്ങള്‍ക്കിടെ മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി. അദീബിന്‍റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കി. അതേസമയം, മന്ത്രിക്കെതിരെ പി.കെ.ഫിറോസ് വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികരണമില്ല. 

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കെ.ടി. അദീബ് രാജിക്കത്ത് നല്‍കിയത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് രാജിക്കത്ത് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനത്തിനായി സര്‍ക്കാരിലേക്ക് കൈമാറിയിരുന്നു. രാജിവച്ചൊഴിയാന്‍ അദീബ് തീരുമാനിച്ച സാഹചര്യത്തില്‍ അക്കാര്യത്തില്‍ പുനഃപരിശോധനയുടെ ആവശ്യമില്ലെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലപാടെടുത്തു. തുടര്‍ന്ന് ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം റദ്ദ് ചെയ്ത് കഴിഞ്ഞ ബുധനാഴ്ച ഉത്തരവിറക്കി. പിന്നാലെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജോലിയില്‍ നിന്ന് ഇന്നലെ വിടുതല്‍ നല്‍കി. ഇതിനിടെ മന്ത്രി കെ.ടി. ജലീലിനെതിരെ കഴിഞ്ഞ 3-ന് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ വൈകുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഫിറോസ് ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് നേരെ സര്‍ക്കാര്‍ മുഖം തിരിച്ചാല്‍ തെളിവുകളുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. മന്ത്രിയെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

22-ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. 27-ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ ബന്ധുനിയമനം ഉന്നയിക്കും. മന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ യുഡിഎഫ് ജനപ്രതിനിധികള്‍ ബഹിഷ്ക്കരിച്ച് തുടങ്ങി.അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് മന്ത്രി കെ.ടി.ജലീല്‍ തന്‍റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചത് ഏറെ വിവാദമായിരുന്നു. നിയമനത്തിനായി കൂട്ടിച്ചര്‍ത്ത വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കെ.ടി.അദീബിന്‍റെ രാജി.