മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ ആരോപണം നേരിടുന്ന മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മകള്‍ അസ്മ ബീവി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. തന്‍റെ ഉപ്പ ചെയ്ത തെറ്റെന്താണെന്നും അദീപിന്‍റെ നിയമനത്തില്‍ യഥാര്‍ത്ഥ പരാതി രാഷ്ട്രീയ എതിരാളികള്‍ക്കാണോ എന്നും ചോദിച്ചാണ് അസ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ പ്രത്യക്ഷപ്പെട്ടത്. അദീപിന്‍റെ നിയമനത്തില്‍ തന്റെ അവസരം നിഷേധിക്കപ്പെട്ടു എന്ന് പറഞ്ഞ് ഒരു ഉദ്യോഗാർത്ഥിയും വന്നിട്ടില്ല. പിന്നെ ഈ നിയമനത്തിൽ പരാതി ജലീലിന്‍റെ രാഷ്ട്രീയ എതിരാളികൾക്ക് മാത്രമാണെന്നും അസ്മ പോസ്റ്റില്‍ പറഞ്ഞിരുന്നു. 

'' 1,10,000 ത്തോളം ശമ്പളം വാങ്ങുന്ന അദീപ് 86,000 ത്തോളം രൂപക്കാണ് ന്യൂനപക്ഷ കോർപറേഷനിൽ ജോലി ചെയ്യാൻ തയ്യാറായി വന്നത്. ന്യൂനപക്ഷ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സേവിക്കുന്നത് ഒരു ‘ 'സഖാത്താ' യി (charity) കരുതിയ അദീപിന്റെ മനോവികാരം നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുമെന്ന് കരുതുന്നു. അദീപിന് പുണ്യം കിട്ടും എന്നല്ലാതെ സാമ്പത്തിക ലാഭം ഇത് വഴി ലഭിച്ചിട്ടില്ല '' - അസ്മ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് ലഭ്യമല്ല. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് ജലീലിന്‍റെ ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത്. നിയമനം വിവാദമായതോടെ അദീപ് രാജിവച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ്, യൂത്ത് ലീഗ് സംഘടനകള്‍ പലയിടങ്ങളിലായി ജലീലിനെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. 

ഇന്നലെ അസ്മയിട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

 

 ബന്ധു നിയമന വിവാദം:

എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? കെടുകാര്യസ്ഥതയിൽ കെട്ടഴിഞ്ഞ് കിടന്ന ഒരു പൊതു മേഖലാ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതോ? എന്താണ് അദീപ് ചെയ്ത തെറ്റ്? മന്ത്രിയുടെ ബന്ധുവായതോ? അദീപിന്റെ നിയമനത്തിൽ ആർക്കാണ് പരാതി? അവസരം നഷ്ടമായവർക്കോ അതോ രാഷ്ട്രീയ എതിരാളികൾക്കോ?

ദശകോടികൾ ക്രയവിക്രയം ചെയ്യുന്ന ഒരു ധനകാര്യ സ്ഥാപനമാണ് എന്റെ ഉപ്പയുടെ വകുപ്പിന് കീഴിലുള്ള കേരളാ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ. ഇവിടേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ ഞങ്ങളുടെ ബന്ധുവായ അദീപിനെ നിയമിച്ചതാണ് വിവാദ ഹേതു.

ഈ വിവാദത്തിലെ million dollar questions ഇവയാണ് : 
1. ഈ നിയമനത്തിൽ ആർക്കെങ്കിലും അവസരം നിഷേധിക്കപ്പെട്ടോ?
തന്റെ അവസരം നിഷേധിക്കപ്പെട്ടു എന്ന് പറഞ്ഞ് ഒരു ഉദ്യോഗാർത്ഥിയും വന്നിട്ടില്ല. ഇതൊരു ഡെപ്യൂട്ടേഷൻ നിയമനമാണ്. ഡെപ്യൂട്ടേഷൻ നിയമനമെന്നത് ഗവൺമെന്റ ലോ അല്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറിബോഡിയിലോ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളെ താൽകാലികമായി മറ്റൊരു സ്ഥാപനത്തിൽ നിയമിക്കലാണ്. (അതായത് അദീപിന്റെ ഡെപ്യൂട്ടേഷൻ നിയമനം കാരണം ജോലി അന്വേഷിക്കുന്ന ഒരാളുടെയും ഒരു അവസരവും നഷ്ടമായിട്ടില്ല എന്നർത്ഥം).

2. പിന്നെ ആർക്കാണ് ഈ നിയമനത്തിൽ പരാതി?
ഉപ്പയുടെ രാഷ്ട്രീയ എതിരാളികൾക്ക് മാത്രം.

3. മന്ത്രിയും മന്ത്രി ബന്ധുവും എന്ത് ലാഭമാണ് ഇതിൽ നിന്ന് ഉണ്ടാക്കിയത്? 
1,10,000 ത്തോളം ശമ്പളം വാങ്ങുന്ന അദീപ് 86,000 ത്തോളം രൂപക്കാണ് ന്യൂനപക്ഷ കോർപറേഷനിൽ ജോലി ചെയ്യാൻ തയ്യാറായി വന്നത്. ന്യൂനപക്ഷ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സേവിക്കുന്നത് ഒരു ‘ 'സഖാത്താ' യി (charity) കരുതിയ അദീപിന്റെ മനോവികാരം നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുമെന്ന് കരുതുന്നു. അദീപിന് പുണ്യം കിട്ടും എന്നല്ലാതെ സാമ്പത്തിക ലാഭം ഇത് വഴി ലഭിച്ചിട്ടില്ല. 
ഒടുവിൽ പരിഹാസവും തേജോവധവും സഹിക്കാതെ അദീപ് ഈ ജനറൽ മാനേജർ പദവി രാജി വെച്ച് സ്വന്തം ഉദ്യോഗത്തിലേക്ക് തിരിച്ച് പോകുകയാണുണ്ടായത്.
ന്യൂനപക്ഷ കോർപ്പറേഷനിൽ ലീഗ് ഭരണകാലത്ത് നടന്ന കെടുകാര്യസ്ഥകളെക്കുറിച്ച് പറയുന്നില്ല. ലീഗ് നിയമിത എംഡിയും മറ്റു പല ലീഗ് നേതാക്കളും ലക്ഷങ്ങൾ ഉദാരമായി വായ്പയെടുത്ത് അവ തിരിച്ചടക്കാതെ ഇരിക്കുകയായിരുന്നു. ഈ വാർത്ത വന്നതിൽ പിന്നെ വായ്പ തിരിച്ചടക്കാൻ മുൻ എം.ഡി അടക്കം പലരും മുന്നോട്ടു വരുന്നു എന്നത് ശുഭസൂചകമാണ്.

തങ്ങളുടെ വാദങ്ങൾക്ക് കാമ്പോ നിയമസാധുതയോ ഇല്ലെന്നറിയുമ്പോൾ ജാള്യത മറക്കാനും ഈ വിവാദം പൊതുജനമധ്യത്തിലിട്ട് ഉപ്പയെ കരിവാരിത്തേക്കാനുമുള്ള യൂത്ത് ലീഗിന്റെ നിക്ഷിപ്ത താൽപര്യം എനിക്ക് മനസ്സിലാക്കാം.
പക്ഷേ യോഗ്യതയുള്ളവരെ കിട്ടാത്ത, യോഗ്യതയുളളവർക്ക് വേണ്ടാത്ത, നിസ്സാരമെന്ന് തോന്നുന്ന ഈ ഡെപ്യൂട്ടേഷൻ നിയമനം ഊതിവീർപ്പിച്ച ചാനൽ ചർച്ചക്കാരുടെ താൽപര്യമെന്താണെന്ന് മനസ്സിലാകുന്നില്ല. പലപ്പോഴും അർധസത്യങ്ങളാണ് അവതരിപ്പിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും. ലീഗിന്റെ പല പൊള്ളവാദങ്ങളും പ്രൈം ടൈം വാർത്താ വായനക്കാരൻ അപ്പടി ഏറ്റു പാടിയപ്പോഴാണ് ഞാൻ അന്താളിച്ച് പോയത്. ഇവരോടൊക്കെ എന്ത് പറയാനാണ്?
ഒരാരോപണം കിട്ടിയപ്പോൾ വസ്തുതകൾ അന്വോഷിക്കാതെ, കുറച്ച് മെറ്റീരിയൽ കിട്ടിയ സന്തോഷത്തിൽ ട്രോളുകൾ പടച്ചാഘോഷിച്ച ടോളന്മാരെ ഓർത്ത് സഹതപിക്കാനല്ലേ കഴിയൂ? 
എതിർ പാർട്ടി ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ പരിഹാസ പോസ്റ്റുകളിട്ട
ആദർശപുങ്കവന്മാരായ ജനപ്രതിനിധികളോടെന്ത് പറയാനാണ്?

ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ നിന്നും സാമ്പത്തികമായി ഉപ്പ ഒന്നും ഉണ്ടാക്കിയിട്ടില്ല. മുതൽക്കൂട്ട് കുറേയേറെ മനുഷ്യരുടെ സ്നേഹവും സൗഹൃദവുമാണ്.
പൊതുപ്രവർത്തനത്തിന് ശേഷം ഉപ്പയുടെ കയ്യിൽ ശമ്പളമൊന്നും മിച്ചം വരാറില്ല. ഉമ്മയുടെ ശമ്പളം കൊണ്ടാണ് വീട്ടു ചെലവുകൾ നടക്കുന്നത്. ജോലി ആയതിൽ പിന്നെ ഞാൻ എപ്പോൾ വിളിക്കുമ്പോഴും ഉപ്പ ആളുകളെ സഹായിക്കാൻ പണം ചോദിച്ച് ‘സുയിപ്പാ’ക്കാറുണ്ട്, ഞാനൊരു പിശുക്കിയാണെന്നു പറഞ്ഞു കളിയാക്കാറുമുണ്ട്.
മക്കൾ പഠനത്തിനും ജോലിക്കുമൊക്കെയായി വീട് വിട്ട് പറന്നപ്പോൾ ഉമ്മയെ തനിച്ചാക്കാതെ ഉപ്പക്ക് കോളേജധ്യാപകന്റെ നല്ല ശമ്പളം പറ്റി സ്വസ്ഥജീവിതം നയിച്ചൂടെയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമയിലെ കോമാളിയോ വില്ലനോ ആയ രാഷ്ട്രീയക്കാരനെ മാത്രം കണ്ട് പരിചയിച്ച ഫേസ് ബുക്ക് പുലികൾ വിചാരിക്കും പോലെ സുഖകരമല്ല ഒരു പൊതു പ്രവർത്തകന്റെ ജീവിതം.

എനിക്ക് ഓർമ വച്ച കാലം മുതൽ ഉപ്പ പൊതുപ്രവർത്തകനാണ്. ആൾക്കൂട്ടത്തിലേക്കിറങ്ങിച്ചെന്ന് അവരോടൊത്ത്, അവർക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് ഉപ്പക്കിഷ്ടം.

അത് കൊണ്ട് നിങ്ങൾ ഇനിയും ട്രോളിക്കോളൂ, ചാനൽ ചർച്ചയിൽ പരിഹസിച്ചോളൂ.
പക്ഷേ, മടിയിൽ കനമില്ലാത്തതിനാൽ സർക്കാരാപ്പീസിന്റെ ചുവന്ന നാടയിൽ കുരുങ്ങിയ ഫയൽ തീർപ്പാക്കാനും, മകളുടെ ഫീസിന് പണമില്ലെന്ന് പറഞ്ഞ് വരുന്ന പാവങ്ങൾക്ക് പരിചയക്കാരോട് ശുപാർശ ചെയ്ത് എന്തെങ്കിലും നീക്ക് പോക്ക് ഉണ്ടാക്കി കൊടുക്കാനും തുടങ്ങി രാത്രി പശു കിണറ്റിൽ ചാടിയാൽ സഹായത്തിന് വിളിക്കാനും കെട്ടിയോൻ ഉപദ്രവിക്കുന്നുവെന്ന പരാതി പറയാനും വരെ ഈ നാട്ടിലെ നിസ്സഹായരായ ജനങ്ങൾക്ക് എപ്പോഴും സമീപിപ്പിക്കാവുന്ന ഒരു ജനപ്രതിനിധിയെ ആവശ്യമുണ്ട്. പദവി ഉണ്ടായാലും ഇല്ലെങ്കിലും ഉപ്പ ജനങ്ങൾക്കൊപ്പമുണ്ടാകും. 
സത്യം ജയിക്കട്ടെ!