തിരുവനന്തപുരം: സംസ്ഥാനത്ത് പതിനഞ്ച് പുതിയ ബിയര്‍ പാര്‍ലറുകള്‍ കൂടി തുടങ്ങുമെന്ന് കെറ്റിഡിസി. നിലവിലുള്ള ഔട്ട് ലെറ്റുകള്‍ക്ക് പുറമെ സൗകര്യമുള്ള ഇടങ്ങളില്‍ വാടക കെട്ടിടങ്ങള്‍ കണ്ടെത്തി ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാനാണ് തീരുമാനം. കെറ്റിഡിസിക്ക് കീഴിലുള്ള മുന്തിയ ഹോട്ടലുകളെ ബാര്‍ ലൈസന്‍സ് കിട്ടും വിധം സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്താനും തിരക്കിട്ട ശ്രമം നടക്കുകയാണ്.

ബാറുകളും പാതയോരത്തെ ബിയര്‍ പാര്‍ലറുകളും അടച്ചതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നാല്‍പത് കോടി രൂപയെങ്കിലും വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കെറ്റിഡിസിയുടെ കണക്ക്. ആകെ ഉണ്ടായിരുന്ന 40 പാര്‍ലറുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് 22 ബിയര്‍ പാര്‍ലര്‍ മാത്രമാണ്. പൂട്ടിക്കിടക്കുന്ന പതിനെട്ടെണ്ണം വഴി മാത്രം ഉണ്ടാക്കുന്നത് ചുരുങ്ങിയത് പന്ത്രണ്ട് കോടി രൂപയുടെ നഷ്ടമാണ്. ഇവ തുറക്കുന്നതിന് പുറമെയാണ് പതിനഞ്ചെണ്ണം പുതുതായി തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്

തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലടക്കം കെറ്റിഡിസിയുടെ ഉടമസ്ഥതയിലുള്ള മുന്തിയ ഹോട്ടലുകള്‍ പലതും ബാര്‍ ലൈസന്‍സ് മാനദണ്ഡങ്ങള്‍ക്ക് പുറത്താണ്. ഇവയ്ക്ക് സ്റ്റാര്‍ പദവി നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാനും നീക്കമുണ്ട്. ആഗോള വിനോദ സഞ്ചാര മേഖലയില്‍ കെറ്റിഡിസിക്ക് ഉണ്ടായിരുന്ന മേല്‍കോയ്മ തിരിച്ച് പിടിക്കും വിധം പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനുമാണ് തീരുമാനം.