പത്തനാപുരം: കുടുംബശ്രീ എ.ഡി.എസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ പത്തനാപുരം കുണ്ടയത്ത് സിപിഎം - സിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ഭഗത്തിന് മര്‍ദനമേറ്റു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണച്ച സി.പി.എം. നിലപാടിനെതിരേ പ്രതികരിച്ചതാണ് പ്രകോപനകാരണമെന്ന് സി.പി.ഐ. നേതാക്കള്‍ പറഞ്ഞു.

കുണ്ടയം വാര്‍ഡിലെ കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞദിവസം സിപിഐക്ക് സ്വാധീനമുള്ള മേഖലയില്‍ അവരെ ഒതുക്കാന്‍ സിപിഎം കോണ്‍ഗ്രസുമായി കൂട്ടുചേരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. കുണ്ടയം വാര്‍ഡിലെ സി.പി.എം.കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് വിഷ്ണു ഭഗത്ത് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പിനിടെ സ്ഥലത്തെത്തിയ വിഷ്ണു ഭഗത്തിന് മര്‍ദനമേല്‍ക്കുകയായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വിഷ്ണുവിന് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് കടുത്ത രക്തസ്രാവമുണ്ടായി. പരിക്കേറ്റ വിഷ്ണുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സിപിഐ - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

സംഘര്‍ഷത്തിനിടെ നടന്ന കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ സിപിഐ അഞ്ച് സീറ്റോടെ ഭൂരിപക്ഷം നേടി. രണ്ട് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി വരണാധികാരിയായ കൃഷി ഓഫീസറെ കോണ്‍ഗ്രസ് ഉപരോധിച്ചു. പത്തനാപുരം പഞ്ചായത്തിലെ ചിതല്‍വെട്ടി വാര്‍ഡ് കുടുംബശ്രീ തെരഞ്ഞെടുപ്പും സിപിഐ.സിപിഎം പോരിന് വേദിയായി. ഇവിടെ സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ഭൂരിപക്ഷം നേടി. സിപിഎം - കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥികള്‍ക്കെതിരേയായിരുന്നു മത്സരം. ഏഴില്‍ അഞ്ച് സീറ്റ് നേടിയ സിപിഐ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതിയും നല്‍കി.