ഭിന്നലിംഗക്കാര്‍ക്കായി കുടുംബശ്രീ യൂണിറ്റ് വരുന്നു. ഭിന്നലിംഗക്കാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായാണ് കുടുംബശ്രീ യൂണിറ്റ്. ആദ്യ ഘട്ടത്തില്‍ 12 പേരാണ് സ്പെഷ്യല്‍ കുടുംബശ്രീ യൂണിറ്റുകളില്‍ അംഗമാകുന്നത്. ഇവര്‍ക്ക് പ്രത്യേക പരിരക്ഷ വഴി സംരഭങ്ങള്‍ തുടങ്ങാന്‍ കഴിയും. പലിശയില്ലാത്ത തരത്തിലുളള വായ്പ ഇവര്‍ക്ക് നല്‍കും. സഹജ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിക്കുന്നത്. കൊല്ലം കോര്‍പ്പറേഷനാണ് സഹജ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നത്.പദ്ധതിക്ക് വേണ്ട പണം കോര്‍പ്പറേഷന്‍റെ ബജറ്റിലൂടെ വകയിരുത്തും. കോര്‍പ്പറേഷന്‍റെ പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കുമിത്.

പൊതുസമൂഹത്തില്‍ നിന്ന് ഭിന്നലിംഗക്കാര്‍ ഉള്‍വലിയുന്ന രീതി അവസാനിപ്പിക്കാനും അവര്‍ക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കാനുമാണ് സഹജ എന്ന പേരില്‍ പദ്ധതിയുണ്ടാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി വിജയമെന്ന് കണ്ടാല്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങും. ദേശീയ നഗര ഉപജീവന പദ്ധതിയിലൂടെ സംസ്ഥാനത്ത് രൂപീകരിക്കുന്ന ആദ്യ കുടുംബശ്രീ യൂണിറ്റാണിത്.