സൗജന്യ ഡ്രൈവിങ് എന്ന് കേട്ടതോടെ സംസ്ഥാനത്തെ ഓരോ പഞ്ചായത്തില്‍ നിന്നും പദ്ധതിയിലേക്ക് ലഭിച്ചത് വനിതാ അപേക്ഷകരുടെ ബാഹുല്യമാണ്.
കോഴിക്കോട്: ഡ്രൈവിങ് പഠിച്ച് ജീപ്പും കാറും ഓടിച്ച് വരുമാന മാര്ഗം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവര്ക്കായി പദ്ധതിയൊരുക്കി കുടുംബശ്രീ. തൊഴില് നൈപുണ്യത്തോടൊപ്പം സംരംഭകത്വത്തിനും പ്രാധാന്യം നല്കിയാണ് കുടുംബശ്രീ സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതി ആരംഭിക്കുന്നത്. സൗജന്യ ഡ്രൈവിങ് പരിശീലനത്തിലൂടെ സംരംഭം എന്ന ലക്ഷ്യത്തില് സംസ്ഥാന തലത്തില് ആദ്യമായി ബൃഹത് പദ്ധതി ഒരുക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
എന്നാല് സൗജന്യ ഡ്രൈവിങ് എന്ന് കേട്ടതോടെ സംസ്ഥാനത്തെ ഓരോ പഞ്ചായത്തില് നിന്നും പദ്ധതിയിലേക്ക് ലഭിച്ചത് വനിതാ അപേക്ഷകരുടെ ബാഹുല്യമാണ്. ഒരു ഗ്രാമപഞ്ചായത്തില് നിന്ന് തന്നെ നൂറില് പരം അപേക്ഷകള് വന്നതോടെ ഓരോ ജില്ലാ മിഷനുകളും ഗുണഭോക്താക്കളെ കണ്ടെത്താന് പ്രയാസപ്പെടുകയാണ്.
സംരംഭം തുടങ്ങുമെന്ന് കരാറില് ഒപ്പിടുന്നവര്ക്ക് മാത്രമേ സൗജന്യ ഡ്രൈവിങ് പരിശീലനം നടത്തുമെന്ന് ബോധ്യപ്പെട്ടതോടെ അപേക്ഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന് കോ ഓഡിനേറ്റര് കവിത പറഞ്ഞു. ഗുണഭോക്തൃ ലിസ്റ്റ് ഏകീകരിക്കുന്ന നടപടി പൂര്ത്തിയായാല് ഈ സാമ്പത്തിക വര്ഷത്തിലെ പദ്ധതിയായി ഡ്രൈവിങ് പരിശീലനം ആരംഭിക്കും.
കുടുംബശ്രീയും കേരള അക്കാഡമി ഫോര് സ്കില് എക്സലന്സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില് ഓട്ടോ, കാര്, ജീപ്പ് എന്നിവ ഓടിക്കാനുള്ള പരിശീലനമാണ് നല്കുന്നത്. പരിശീലന ശേഷം വാഹനങ്ങളുമായി ബന്ധപ്പെട്ട് സംരംഭകത്വം തുടങ്ങണം. ഈ കരാര് അംഗീകരിക്കുന്നവര്ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. ഇതിന് കുടുംബശ്രീ വായ്പയും നല്കും. അതത് ജില്ലകളിലെ കുടുംബശ്രീയ്ക്ക് കീഴിലെ അംഗീകരിച്ച ഏജന്സികള് മുഖാന്തിരമാണ് പരിശീലനം. ആദ്യഘട്ടത്തില് കരാറില് ഒപ്പുവച്ച 1000 വനിതകള്ക്കാണ് സംസ്ഥാനത്താകെ പരിശീലനം നല്കുന്നത്.
സംരംഭത്തിനായി കുടുംബശ്രീ രണ്ടര ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ബാങ്ക് പലിശയുടെ നാല് ശതമാനം കുടുംബശ്രീ അടയ്ക്കും. ഓരോ ബാച്ചിന്റെയും പരിശീലനത്തിനുശേഷം അടുത്ത ബാച്ചിനായി അപേക്ഷ ക്ഷണിക്കും. ഒരു മാസം നീണ്ട പരിശീലനമാണ് ആസൂത്രണം ചെയ്യുന്നത്. ഈ നടപടികളെല്ലാം അതത് ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് നടപ്പാക്കുക. സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഒരോ കേന്ദ്രത്തിലാകും ഡ്രൈവിങ് പരിശീലനം. കേരള അക്കാഡമി ഫോര് സ്കില് എക്സലന്സാണ് പദ്ധതിയ്ക്കുള്ള ചെലവ് വഹിക്കുന്നത്.
