കോഴിക്കോട്ട്: കുടുംബശ്രീ അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നീക്കി. കുട്ടികളുടെ ലൈംഗികത ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശത്തിനെതിരെ കുടുംബശ്രീ പരാതി നല്‍കിയിരുന്നു.

കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ അടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ചതിനെതിരെ സ്ത്രീകള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നീക്കിയത്. അധ്യാപകന്‍ കൂടിയായ മൊയ്തീനെതിരെയാണ് നടപടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 17-18 വയസുള്ള കുട്ടികളുടെ സെക്സ് അയക്കൂ പ്ലീസ് എന്ന സന്ദേശമാണ് മൊയ്തീന്‍ ഗ്രൂപ്പിലേക്ക് അയച്ചത്. നേരത്തെ വന്നത് തെറ്റായ സന്ദേശമാണെന്നും സുഹൃത്ത് അയച്ചതാണെന്നുമുള്ള വിശദീകരണവും തൊട്ട് പിന്നാലെ അയച്ചിരുന്നു.

ഗ്രൂപ്പ് അംഗങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹത്തെ കുടുംബശ്രീയില്‍ നിന്ന് ഒഴിവാക്കിയത്. അശ്ലീല സന്ദേശം അയച്ചത് താനല്ലെന്ന വിശദീകരണമാണ് ജില്ലാ അസിസന്റ് കോര്‍ഡിനേറ്റര്‍ കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത്. ഇനി മൊയ്തീന്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് മടങ്ങും. അതേസമയം ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പല്ല ഇതെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.