കൊച്ചി: കുളച്ചലിലെ പുതിയ തുറമുഖം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് ഭീഷണിയാകുന്നു. വിഴിഞ്ഞം പദ്ധതി വല്ലാര്‍പാടത്തിന് തിരിച്ചടിയാകുമോ എന്ന് ഭയന്നിരിക്കുന്‌പോഴാണ് കുളച്ചലില്‍ കൂടി തുറമുഖം വരുന്നത്. ദൂരവ്യത്യാസമില്ലാതെ തുറമുഖങ്ങള്‍ നിര്‍മിക്കുന്നത് നഷ്ടമുണ്ടാക്കുമെന്ന് ചെന്നൈ തുറമുഖത്തിന്റെ അവസ്ഥ വിവരിച്ച് വിദഗ്ധര്‍ പറയുന്നു.

പത്ത് ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വല്ലാര്‍പാടം ടെര്‍മിനലിന് ഇപ്പോഴുള്ളത്. പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ടെര്‍മിനല്‍ കൈകാര്യം ചെയ്യുന്നതാകട്ടെ അഞ്ച് ലക്ഷം മാത്രവും. കപ്പലുകള്‍ എത്തുന്നതിന് കൊച്ചി കായല്‍ ആഴം കൂട്ടുന്നതിനായി നടത്തുന്ന ഡ്രഡ്ജിംഗാണ് വല്ലാര്‍പ്പാടത്തെ ചെലവ് കൂട്ടുന്നത്. ഇത് പരിഹരിക്കാന്‍ കേന്ദ്രസഹായമൊന്നും ലഭിക്കുന്നില്ല. ഇതിനിടയിലാണ് മൂന്നൂറ് കിലോമീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങള്‍ കൂടി വരുന്നത്.

സിംഗപ്പൂര്‍, കൊളംബോ തുടങ്ങിയ തുറമുഖങ്ങളില്‍ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതിന് വാങ്ങുന്ന നിരക്ക് വല്ലാര്‍പാടത്തേക്കാള്‍ വളരെ കുറവാണ്. രാജ്യത്തുള്ള തുറമുഖങ്ങള്‍ പരസ്പരം മത്സരിക്കുന്നതിന് പകരം വിദേശ തുറമുഖങ്ങളുമായി വേണം മത്സരം സൃഷ്ടിക്കാനെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമമല്ല 2000 കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച വല്ലാര്‍പാടം പദ്ധതി പൂര്‍ണമായും ഉപയോഗിക്കാതെ പുതിയ തുറമുഖങ്ങള്‍ എന്തിനെന്ന ചോദ്യവും ഉയരുന്നു.