ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷയ്‍ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിന്‍റെ ദയാഹര്‍ജി പാക്കിസ്ഥാനിലെ സൈനിക കോടതി തള്ളി. സൈനിക മേധാവി ജനറല്‍ ബജ്‍വയാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.
ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പട്ടാള കോടതി കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ചത് .ഇതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ അന്തരാഷ്‌ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.ഇതിനിടെയാണ് കല്‍ഭൂഷണ്‍ ജാദവിന്‍റെ ദയാഹര്‍ജി സൈനിക കോടതിതള്ളിയതായി പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സൈനിക കോടതി നടപടിക്കെതിരെ ജാദവ് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും സൈനിക മേധാവി ജനറല്‍ ബജ്‍വയാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ജനറല്‍ അസീഫ് ഗഫൂര്‍ അറിയിച്ചു. എന്നാല്‍ ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ജാദവിനെ ബലൂചിസ്ഥാനില്‍ വെച്ച് അറസ്റ്റ് ചെയ്തു എന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജാദവിന് നയതന്ത്രതലത്തില്‍ സഹായം അനുവദിക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചു. അഭിഭാഷകന്‍റെ സഹായവും നിഷേധിച്ചുകൊണ്ട് സൈനിക കോടതി ഏകപക്ഷീയമായി വധശിക്ഷ വിധിച്ചു. ഇതിനിതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ വധശിക്ഷ സ്റ്റേ ചെയ്യുകയും കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പുവരുത്താന്‍ ഇന്ത്യക്ക് അര്‍ഹതയുണ്ടെന്ന് അന്താരാഷ്‌ട്ര കോടതി വിധിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും പാക്കിസ്ഥാന്‍ ഇതംഗീകരിച്ചിട്ടില്ല. മകനെ കാണാന്‍ വിസ അനുവദിക്കണമെന്ന കല്‍ഭൂഷണ്‍ ജാദവിന്‍റെ അമ്മയുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പാക് വിദേശകാര്യമന്ത്രിക്ക് കത്തയച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
