കോട്ടയം: കുമരകത്ത് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പോലീസും റിസോര്‍ട്ട് ഉടമയും ഒത്തു കളിക്കുന്നതായി മരിച്ച ബാലന്റെ അച്ഛന്‍. മുങ്ങി മരിച്ചതാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് റിസോര്‍ട്ടിന് വേണ്ടി തയ്യാറാക്കിയതാണെന്നും ഷോക്കേറ്റാണ് മകന്‍ മരിച്ചതെന്നും സൗദിയില്‍ തിരിച്ചെത്തിയ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
പെട്ടെന്ന് കുട്ടി മരിച്ചതായി ദൃക്‌സാക്ഷി പറയുന്നു. മുങ്ങി മരിക്കുന്ന സമയം എടുത്തിട്ടില്ല. മുങ്ങുന്നതിനു മുമ്പ് വൈദ്യുതാഘാതം ഏറ്റിട്ടുണ്ട്. പക്ഷെ പോലീസ് സത്യം മൂടി വെക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി നാലിനാണ് കുമരകത്തെ അവേദ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വെച്ച് നാലു വയസുള്ള സൗദി ബാലന്‍ അലാ ഉദ്ധീന്‍ മരിച്ചത്.
മുങ്ങി മരിച്ചതാണെന്ന റിസോര്‍ട്ട് മാനേജ്മെന്റിന്റെ വാദം തള്ളുന്ന സൗദി കുടുംബം, വെള്ളത്തില്‍ ഷോക്കേറ്റാണ് കുട്ടി മരിച്ചത് എന്ന് പരാതിപ്പെടുന്നു. മുങ്ങി മരിച്ചതാണ് എന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പോലീസും, റിസോര്‍ട്ടും, പോസ്റ്റ്മോര്ട്ടം നടത്തിയവരും ഒത്തു കളിക്കുകയാണെന്ന് സൗദിയില്‍ തിരിച്ചെത്തിയ പിതാവ് ഇബ്രാഹിം ഹമീദദ്ധീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നീന്തല്‍ കുളത്തിലൂടെ ഒരു സുരക്ഷാ സംവിധാനവുമില്ലാതെ വൈദ്യുതി കേബിള്‍ കടന്നു പോകുന്നതായി ഇവരുടെ കൈവശമുള്ള ദൃശ്യങ്ങള്‍ പറയുന്നു. ഷോക്കേറ്റു ആണ് മരിച്ചത് എന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ മലയാളിയായ ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു. ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. റിസോര്‍ട്ടില്‍ പ്രാഥമിക ചികിത്സാ സൌകര്യങ്ങളോ, നീന്തല്‍ കുളത്തില്‍ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്നും സൗദി കുടുംബം പരാതിപ്പെടുന്നു.
ഇന്ത്യയിലെ സൗദി എംബസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴംഗ സൗദി കുടുംബം ദില്ലി, ആഗ്ര സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് കുമരകത്ത് എത്തിയത്. കുട്ടിയുടെ മൃദദേഹം ജിദ്ദയില്‍ ഖബറടക്കി.
