കുമരകം: കൊച്ചിയില്‍ മയക്കുമരുന്ന് മാഫിയക്ക് എതിരെ പൊലീസ് നടപടി ശക്തമാക്കിയതോടെ പുതുവത്സരാഘോഷത്തിന് കുമരകം താവളമാക്കാന്‍ എത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പോലീസ്. ആലപ്പുഴ, കുമരകം മേഖലകളിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തി. 

റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍, ക്ലബുകള്‍ തുടങ്ങിയ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളടങ്ങിയ നോട്ടീസും നല്‍കി കഴിഞ്ഞു. രാത്രി മൂന്ന് ബോട്ടുകളില്‍ കായലില്‍ പെട്രോളിംഗ് നടത്തും. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ്രപകാരം വന്‍പോലീസ് സംഘത്തെ കുമരകത്ത് വിന്യസിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കറങ്ങുന്ന മാഫിയകളെ കുടുക്കുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. നൂറു കണക്കിനാളുകള്‍ പങ്കെടുക്കുന്ന പുതുവത്സര പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം നടത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. 

പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും ഉള്‍പ്പടെ വിപുലമായ ആഘോഷ പരിപാടികളാണ് കുമരകത്ത് സംഘടിപ്പിച്ചിരിക്കുന്നത്. പുലര്‍ച്ച വരെ നീണ്ടു നില്‍ക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ മദ്യത്തോടൊപ്പം മയക്കുമരുന്നും വിതരണം ചെയ്യപ്പെടുമെന്നാണ് ലഭിച്ച വിവരം. നിലവില്‍ ബാര്‍ ലൈസന്‍സ് ഇല്ലാത്ത കുമരകത്തെ ചില ഹോട്ടലുകളില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് വേണ്ടി വന്‍തോതില്‍ മദ്യം ശേഖരിച്ച് വച്ചിട്ടുണ്ടന്നും പോലീസ് സംശയിക്കുന്നുണ്ട്.