കര്‍ണാടക ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനും ജെഡിഎസിനും ഈ ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്

ബംഗളൂരു: ജനങ്ങളുടെ മുന്നില്‍ വീണ്ടും കണ്ണീരണിഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. താന്‍ ജീവിക്കുന്നത് ജനങ്ങളെ സേവിക്കാനാണെന്ന് പറഞ്ഞാണ് മാണ്ഡ്യയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കുമാരസ്വാമി വിതുമ്പിയത്. കര്‍ണാടക സര്‍ക്കാരിനെതിരെ കടുത്ത ആക്രമണമാണ് പ്രതിപക്ഷമായ ബിജെപി ഉയര്‍ത്തുന്നത്.

ദെെവത്തിന്‍റെയും കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പിന്തുണയോടെയാണ് താന്‍ അധികാരത്തിലെത്തിയതെന്നും അവര്‍ക്കല്ലാതെ ആ അധികാരം തിരിച്ചെടുക്കാന്‍ ആര്‍ക്കും ശക്തിയില്ലെന്നും ഇതിനെതിരെ മുഖ്യമന്ത്രി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം തനിക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നു.

അതിന്‍റെ കാരണം എന്തെന്ന് താന്‍ പറയില്ല. പക്ഷേ, താന്‍ ജനങ്ങളെ വഞ്ചിക്കുന്ന ദിവസം, അപ്പോള്‍ ജീവനോടെയുണ്ടെങ്കിലും മരിച്ച പോലെ തന്നെയാണ്. പണം ഉണ്ടാക്കുകയല്ല തന്‍റെ ലക്ഷ്യമെന്നും ജനങ്ങളുടെ സ്നേഹവും അടുപ്പവുമാണ് തന്‍റെ സ്വത്തെന്നും കുമാരസ്വാമി പറഞ്ഞു.

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ താന്‍ മരണപ്പെടേണ്ടതായിരുന്നുവെന്ന് ഒരുപാട് റാലികളില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ജീവനോടെ തിരിച്ചു വരുവാനായി. എത്ര നാള്‍ ജീവിച്ചിരിക്കുന്നുവെന്നത് തനിക്ക് പ്രാധാന്യമുള്ള കാര്യമല്ല. എന്നാല്‍, ദെെവം നല്‍കിയ ഈ അധികാരത്തിലൂടെ എല്ലാ കുടുംബങ്ങളെയും തനിക്ക് സേവിക്കണം. അതാണ് മുന്നിലുള്ള വെല്ലുവിളിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനും ജെഡിഎസിനും ഈ ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഒപ്പം ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം വിട്ടു കൊടുക്കേണ്ടി വന്ന ബിജെപിക്ക് സര്‍ക്കാരിനെതിരെ ആയുധങ്ങള്‍ മിനുക്കാന്‍ ലഭിച്ച അവസരം കൂടിയാണ് ഉപതെരഞ്ഞെടുപ്പ്.