ബന്ദിപ്പൂരില്‍ രാത്രിയാത്ര നിരോധനം തുടരുമെന്ന് കുമാരസ്വാമി. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. വനമേഖലയില്‍ മേല്‍പ്പാലം നിര്‍മിക്കാനുളള നിര്‍ദ്ദേശം പ്രയോഗികമല്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരോധന പ്രശ്നം പരിഹരിക്കാനുള്ള കേന്ദ്ര നിർദ്ദേശം തള്ളുകയായിരുന്നു കർണാടക സർക്കാർ ചെയ്തത്. വനമേഖലയിൽ 25 കിലോമീറ്റര്‍ ദൂരം ഫ്ലൈ ഓവര്‍ നിര്‍മിക്കാനുള്ള പദ്ധതി നിർദ്ദേശിച്ച് കേന്ദ്രം കർണാടക ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. 

ബംഗളൂരു: ബന്ദിപ്പൂരില്‍ രാത്രിയാത്ര നിരോധനം തുടരുമെന്ന് കുമാരസ്വാമി. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. വനമേഖലയില്‍ മേല്‍പ്പാലം നിര്‍മിക്കാനുളള നിര്‍ദ്ദേശം പ്രയോഗികമല്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

നിരോധന പ്രശ്നം പരിഹരിക്കാനുള്ള കേന്ദ്ര നിർദ്ദേശം തള്ളുകയായിരുന്നു കർണാടക സർക്കാർ ചെയ്തത്. വനമേഖലയിൽ 25 കിലോമീറ്റര്‍ ദൂരം ഫ്ലൈ ഓവര്‍ നിര്‍മിക്കാനുള്ള പദ്ധതി നിർദ്ദേശിച്ച് കേന്ദ്രം കർണാടക ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ബന്ദിപ്പൂര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന പാതയിലെ രാത്രിയാത്രാ നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി റിപ്പോർട്ട് നൽകിയിരുന്നു. നിരോധനം നീക്കണമെനന്ന കേരളത്തിന്‍റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വന്നത്. ഏകദേശം 460 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. വന്യമൃഗസംരക്ഷണ ഭാഗത്തിന്‍റെ ഹൃദയ ഭാഗം ഉള്‍ക്കൊള്ളുന്ന 25 കിലോമീറ്ററിൽ അഞ്ചു ഫ്ലൈ ഓവറുകള്‍ പണിയും . ഇതോടെ വന്യമൃഗങ്ങളുടെ സഞ്ചാരം തടയാനും രാത്രിയിൽ ദേശീയ പാതയിലൂടെ ഗതാഗതം നടത്താനും കഴിയും. 

ഫ്ലൈഓവറുകൾ ഇല്ലാത്ത ഭാഗത്ത് എട്ടടി ഉയരത്തിൽ ഇരുമ്പ് വേലി കെട്ടണം. പാതയുടെ വീതി 15 മീറ്റർ കൂട്ടണം. കടുവ സംരക്ഷണ അതോററ്റി നിർദ്ദേശിച്ച സമാന്തര പാത അധിക ചെലവിന് ഇടയാക്കുമെന്നും കേന്ദ്രം കര്‍ണാടകയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് സുപ്രീം കോടതിയിൽ സമ്മതം അറിയിക്കാനായിരുന്നു കര്‍ണാടകയോട് ഉപരിതല ഗതാഗതമന്ത്രാലയത്തിന്‍റെ സെക്രട്ടറി അയച്ച കത്തിലേ നിര്‍ദേശം . ഇത് അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് കർണാടക വനം മന്ത്രി നൽകിയത്. ഇതിന് പിന്നാലെയാണ് കുമാരസ്വാമിയും അഭിപ്രായം വ്യക്തമാക്കിയത്.