പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്

ബംഗളൂരു: പാര്‍ട്ടി നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്‌ കൊല്ലാൻ നിര്‍ദേശിക്കുന്ന തന്‍റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്‌ കൊല്ലാൻ നിർദേശിക്കുന്ന കുമാരസ്വാമിയുടെ വീഡ‍ിയോ സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരുന്നു.

ഇതോടെ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തി. എന്നാല്‍, മാപ്പ് പറയാന്‍ ഒരുക്കമല്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. താന്‍ അപ്പോഴത്തെ വികാരത്തില്‍ പറഞ്ഞ് പോയതാണ് അത്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയി.

അത് തികച്ചും മാനുഷികം മാത്രമാണ്. ആ അവസ്ഥയില്‍ ഏത് മനുഷ്യനായാലും അങ്ങനെ മാത്രമേ പ്രതികരിക്കൂ. ഏതെങ്കിലും ഒരു പൗരന്‍ പോലും പ്രശ്നത്തിലാണെങ്കില്‍ അതില്‍ എല്ലാം മറന്ന് ഇടപെടുന്നയാളാണ് താന്‍. അത് തന്‍റെ കൂടെ പ്രശ്നമായി കാണുകയും ചെയ്യുമെന്നും കുമാരസ്വാമി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ നിയമസഭയിലാണ് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്.

കൊലപാതക വിവരം ഇന്‍റലിജന്‍സ് വകുപ്പ്‌ അറിയിച്ചതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കുമാരസ്വാമി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിവരം അറിയിച്ച പാര്‍ട്ടിപ്രവര്‍ത്തകരോടാണ് കുമാരസ്വാമി ഫോണിലൂടെ സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.