തിരുവനന്തപുരം: ചാരക്കേസിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സ്വതന്ത്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. 

നമ്പി നാരായണനുമായി കുമ്മനം രാജശേഖരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിനു പുറകിലെ ഗൂഢാലോചന തെളിയണം എന്ന് നമ്പി നാരായണൻ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ എംഎം ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ ആവശ്യപ്പെട്ടിരുന്നു. 

കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങൾ എകെ ആന്റണി അറിയാതിരിക്കില്ലെന്നും നമ്പി നാരായണൻ പറഞ്ഞിരുന്നു. നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് നമ്പിനാരായണന്‍ ആരോപിച്ചിരുന്നു.