തിരുവനന്തപുരം: സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കാൻ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

ഇന്‍റര്‍പോൾ അന്വേഷിക്കുന്ന വിഷയത്തിൽ എൻഫോഴ്സ്മെന്‍റിനോട് ബി.ജെപി അന്വേഷണം ആവശ്യപ്പെടുമെന്ന് കുമ്മനം ആറൻമുളയിൽ പറഞ്ഞു. അതേസമയം സംഭവത്തില്‍ കോടിയേരിയും പിണറായിയും മൗനം വെടിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്. നിയമനടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങി. പിബിക്ക് ലഭിച്ച പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കമ്പനി പ്രതിനിധികള്‍ സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. യു.എ.ഇ സ്വദേശിയായ കമ്പനി ഉടമയും സി.പി.എം നേതാക്കളെ കണ്ടു. പരാതി കിട്ടിയതായി സി.പി.എം ഉന്നതവൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹവും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും കമ്പനിയുടെ അക്കൗണ്ടിൽനിന്നു വാങ്ങിയ ശേഷം കോടിയേരിയുടെ മകന്‍ മുങ്ങിയെന്ന് കമ്പനി ആരോപിക്കുന്നു. 

2016 ജൂൺ ഒന്നിനു മുൻപ് പണം തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാല്‍ കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന 2,09,704 ദിർഹവും ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

പണം തിരിച്ചുപിടിക്കാന്‍ ദുബായിലെ കോടതിയിൽ നടപടികൾ തുടങ്ങി. പണം നല്‍കുകകയോ കോടതിയില്‍ ഹാജരാവുകയോ വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ഇന്റര്‍പോള്‍ വഴി നിയമനടപടികള്‍ സ്വീകരിക്കാനാണ് നീക്കം.