ക്രമസമാധാന നിലയെക്കുറിച്ച് ആഭ്യന്തര വകുപ്പ് വിശദീകരിക്കണം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചതിനെതിരെ കുമ്മനം രാജശേഖരന്‍. മനുഷ്യാവകാശ കമ്മീഷനെ മുഖ്യമന്ത്രി അവഹേളിച്ചത് ശരിയായില്ലെന്ന് കുമ്മനം പറഞ്ഞു. ക്രമസമാധാന നിലയെക്കുറിച്ച് ആഭ്യന്തര വകുപ്പ് വിശദീകരിക്കണമെന്നും കുമ്മനം.
ലിഗയുടെ ബന്ധുക്കളെ കാണാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഞെട്ടിക്കുന്നു. വ്യാജഹർത്താലിന്റെ മറവിൽ അക്രമങ്ങൾ ഉണ്ടായതിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയെന്നും കുമ്മനം. കമ്മീഷൻ അധ്യക്ഷൻ അദ്ദേഹത്തിൻറെ പണി എടുത്താൽ മതിയെന്നും മുൻകാല രാഷ്ട്രീയ നിലപാടിൻറെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന് ചെന്നിത്തല പ്രതികരിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയ്യുന്നത് മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വന്തം കഴിവ്‌കേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ മേക്കിട്ട് കയറേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
