കോഴിക്കോട്: സംവിധായകന്‍ കമലിന് എതിരെയുള്ള എഎന്‍ രാധാകൃഷ്ണന്റ പ്രസ്താവനയെച്ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത. രാധാകൃഷ്ണന്റെ പ്രസ്താവനയെ പിന്തുണക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം വ്യക്തമാക്കിയതോടെയാണ് ഭിന്നത മറനീക്കി പുറത്ത് വന്നത്. ദേശീയ ഗാനവിവാദത്തില്‍ കമലിനെതിരെ ആദ്യം നടന്ന നീക്കത്തോട് ബിജെപിയില്‍ അഭിപ്രായ ഐക്യമില്ലായിരുന്നുവെങ്കിലും ആരും പരസ്യമായ പ്രതികരണത്തിന് മുതിര്‍ന്നില്ല. പിന്നാലെ എംടിക്കെതിരെ എഎന്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവന കാര്യങ്ങള്‍ വഷളാക്കിയെന്ന് ഒരു വിഭാഗം വിലയിരുത്തി. 

ആ വിവാദം ശമിക്കുന്നതിനിടെയാണ് കമല്‍ തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണെന്നും രാജ്യം വിട്ടു പോകണമെന്നുമുള്ള എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന എത്തിയത്. ആ പ്രസ്താവനയോട് യോജിപ്പില്ലെന്നാണ് പാര്‍ട്ടി സംസ്ഥാനപ്രസിഡണ്ടിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. അതേ സമയം കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജയുടെ അഭിപ്രായം രാധാകൃഷ്ണനെ പിന്തുണയ്ക്കുന്നതായിരുന്നു. 

എന്നാല്‍ ഉത്തരേന്ത്യന്‍ ശൈലിയിലുള്ള അതിവൈകാരിക പ്രതികരണം പാര്‍ട്ടിക്കു തിരിച്ചടിയാകുന്നമെന്ന അഭിപ്രായം ബിജെപിയില്‍ സജീവമായിട്ടുണ്ട്. കൃഷ്ണദാസും എഎന്‍ രാധാകൃഷ്ണനുമടങ്ങുന്ന ചേരി പ്രകോപനം സൃഷ്ടിക്കുകയാണെന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയെ സമീപകാലത്തുണ്ടായ വിവാദം ബാധിച്ചതായും അവര്‍ പറയുന്നു.

പാര്‍ട്ടിയുടെ ഇരു ചേരിക്കും അതിതനായി നില്‍ക്കുന്ന കുമ്മനം എഎന്‍ രാധാകൃഷ്ണനെ അനുകൂലിക്കാക്കത്തത് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. വിവാദങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ ഒരു പ്രമുഖനേതാവ് എംടിയെ സന്ദര്‍ശിച്ച് രാധാകൃഷണന്റെ നിലപാട് പാര്‍ട്ടിയുടേതല്ലെന്ന് അറിയിച്ചിട്ടുണ്ട്. ജനശ്രദ്ധ നേടാന്‍ വേണ്ടിയുള്ള പ്രസ്താവനകള്‍ വേണ്ടെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വതതില്‍ ഇപ്പോള്‍ ബലപ്പെടുന്നത്.