അഞ്ചരക്കണ്ടി, കരുണ മെഡിക്കൽ കോളേജ്; നിലപാടില്‍ മലക്കം മറിഞ്ഞ് കുമ്മനം രാജശേഖരന്‍

First Published 5, Apr 2018, 10:33 PM IST
kummanam Rajasekharan facebook post on karuna medical college
Highlights
  • കുമ്മനത്തെ തള്ളി വി. മുരളീധരന്‍ രംഗത്തുവന്നു
  • നിലപാടില്‍ മലക്കം മറിഞ്ഞ് കുമ്മനം

തിരുവനന്തപുരം: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യകഷന്‍ കുമ്മനം രാജശേഖരനെ തള്ളി വി.മുരളീധരന്‍ എംപി രംഗത്തുവന്നതോടെ നിലപാടില്‍ മലക്കം മറിഞ്ഞ് കുമ്മനം. നേരത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പരിഹാരം കാണമമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കുമ്മനം കത്തയച്ചിരുന്നു. എന്നാല്‍ കുമ്മനത്തെ തള്ളി വി. മുരളീധരന്‍ രംഗത്തുവന്നു.

വസ്തുതകള്‍ പഠിക്കാത്തതു കൊണ്ടാവാം കുമ്മനം ബില്ലിനെ അനുകൂലിച്ചത്. കുട്ടികളുടെ ഭാവിയെ കരുതി അഴിമതിക്ക് കൂട്ടിനില്‍ക്കാന്‍ കഴിയില്ലെന്ന് വി.മുരളീധരന്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് കുമ്മനം നിലപാട് തിരുത്തിയത്. അഞ്ചരക്കണ്ടി, കരുണ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധി സർക്കാരിന്‍റെ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടിയാണ്. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. കോളേജിന് അനുമതി കിട്ടിയതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കുമ്മനം പറഞ്ഞു. 

അനുമതി കിട്ടാൻ യാതൊരു അർഹതയുമില്ലാത്ത കോളേജിന് അനുമതി കിട്ടിയതിന് പിന്നിൽ കഴിഞ്ഞ വിഎസ് അച്യുതാനന്ദൻ സർക്കാരിലെ  ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ഇടപെടലാണ്. ഏഷ്യയിലെ ഏറ്റവും വലിയ കറുപ്പത്തോട്ടം വെട്ടിത്തെളിച്ചാണ് മെഡിക്കൽ കോളേജ് പണിതത്. ഇതിനെതിരെ വിജിലൻസ് കേസ് നിലവിലുള്ളപ്പോഴാണ് റവന്യു തർക്കമുള്ള ഭൂമിയിൽ കോളേജ് പണിയാൻ സർക്കാർ അനുമതി നൽകിയത്.അന്നത്തെ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ ഇടപെടലാണ് കോളേജിന് അനുമതി കിട്ടാൻ കാരണമായത്.

 അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരും ഇതിന് കൂട്ടു നിന്നിട്ടുണ്ട്. അനുമതിക്കായി സംസ്ഥാന സർക്കാർ മുഖാന്തിരം കേന്ദ്രത്തിന് വ്യാജ രേഖയാണ് നൽകിയത്. ഇത് സംബന്ധിച്ച രേഖകൾ വിഎസ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾ മുൻപ് കത്തിച്ചു കളയുകയാണ് ഉണ്ടായത്. കത്തിച്ചു കളയുന്ന രേഖകള്‍ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കണമെന്ന നിയമമുള്ളപ്പോഴാണ് സർക്കാർ ഈ ക്രമക്കേട് നടത്തിയത്. ഇത് വ്യാജരേഖാ നിർമ്മാണം പുറത്തറിയാതിരിക്കാനാണ്. 

പിണറായി വിജയന്‍റെ സ്വന്തം മണ്ഡലത്തിലാണ് ഈ മെഡിക്കൽ കോളേജ് ഉള്ളത്. ഇതിന് പിന്നിലെ അഴിമതിയിൽ സിപിഎമ്മിന്‍റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ട്. അതിനാൽ കോളേജിന് അനുമതി നൽകാനുണ്ടായ സാഹചര്യത്തെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ സമീപിക്കും.

loader