തിരുവനന്തപുരം: കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷായാത്രാ വീണ്ടും മാറ്റി. സെപ്റ്റംബര്‍ ഏഴിന് കണ്ണൂരില്‍ നിന്നും തുടങ്ങേണ്ട യാത്ര ഒക്ടോബറിലേക്കാണ് മാറ്റിയത്. യാത്ര ഉദ്ഘാടനം ചെയ്യേണ്ട ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യമാണ് കാരണമെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു.

ഈ മാസം 27ന് തുടങ്ങേണ്ടിയിരുന്ന യാത്ര മെഡിക്കല്‍ കോഴ വിവാദം മൂലമാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. പിന്നീട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ ശേഷമാണ് യാത്ര രണ്ടാമതും മാറ്റിയത്. സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച് 23ന് തിരുവനന്തപുരത്ത് അവസാനിക്കേണ്ടിയിരുന്നതാണ് യാത്ര.

ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്കെതിരെ എന്ന പേരില്‍ തുടങ്ങാനിരുന്ന യാത്രയില്‍ അമിത് ഷാ മൂന്ന് ദിവസം പങ്കെടുക്കുമെന്നും ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ബിജെപി, മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും യാത്രയില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം കുമ്മനത്തിന്റെ യാത്ര മാറ്റിയിരുന്നു.