തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്ന് ബിജപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ടാണ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതേപ്പറ്റി അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചത്.

തുടര്‍നടപടികള്‍ ഉചിതമായ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ ഇതേപ്പറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണ്.

അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.