സഹായം ഏതു വിധത്തിലുമാകാം. അതാണ് ഈ ഘട്ടത്തില്  ഏക ആശ്വാസം. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും ഉത്പന്നങ്ങള്‍ എത്തിച്ചും ആവുന്ന എല്ലാ വിധ സഹായവും നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കാലക്കെടുതികള്‍ നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. 

സാധനസാമഗ്രികളും ഭക്ഷ്യ വസ്തുക്കളും ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട ഇടങ്ങളിലും കഴിയുന്നവര്‍ക്കും,അവശേഷിക്കുന്നവര്‍ക്കും എത്തിച്ചു കൊടുക്കേണ്ട ബാധ്യത ഏവര്‍ക്കുമുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായഹസ്തവുമായി ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സേവന സന്നദ്ധ സംഘടനകളും, ജനകീയ പ്രസ്ഥാനങ്ങളും, സര്‍ക്കാരും, വ്യക്തികളും നടത്തുന്ന ശ്രമങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കാന്‍ എല്ലാവരും തയാറാകണമെന്നും കുമ്മനം ഫേസബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു. 

കേരള സംസ്ഥാനം അടുത്ത കാലത്തൊന്നും കാണാത്ത വിധമുള്ള കാലവര്‍ഷ ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അനേകം പേരുടെ വീടുകളും, ജീവിത സാഹചര്യങ്ങളും, വന്‍ തോതില്‍ കൃഷിയും നഷ്ടപ്പെട്ട് ഭാവി ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. പ്രകൃതി ശക്തികള്‍ക്ക് മുന്നിലുള്ള മനുഷ്യന്റെ നിസ്സഹായതയാണ് ഇത്തരം ദുരന്തങ്ങള്‍ നമ്മെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നത്. 

സഹായം ഏതു വിധത്തിലുമാകാം. അതാണ് ഏക ആശ്വാസം. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും ഉത്പന്നങ്ങള്‍ എത്തിച്ചും ആവുന്ന എല്ലാ വിധ സഹായവും നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു. 
ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞവരുടെ ബന്ധു മിത്രാദികളെ അനുശോചനം അറിയിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1 ലക്ഷം രൂപ ഞാന്‍ സംഭാവനയായി നല്‍കുന്നു.... കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.