തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയേക്കും. ഇന്ന് ഹാജരാകാമെന്നാണ് കുമ്മനം വിജിലന്‍സിനെ അറിയിച്ചത്. കോഴയാരോപണം അന്വേഷിച്ച ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവര്‍ നാളെ ( ചൊവ്വ) വിജിലന്‍സിന് മുമ്പില്‍ ഹാജരാകും. വിജിലന്‍സിന് മുമ്പില്‍ കുമ്മനം എന്ത് നിലപാടെടുക്കുമെന്നതാണ് ഏറെ നിര്‍ണായകം. അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകളില്‍ തിരുത്തല്‍ വരുത്തിയാകും വിജിലന്‍സിന് നല്‍കുക എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കുമ്മനം മൊഴി നല്‍കാനെത്തുന്നത്. തിരുത്തല്‍ വരുത്തിയാല്‍ പരസ്യമായി പ്രതികരിക്കുമെന്ന് വി.മുരളീധര വിഭാഗം നേതാക്കള്‍ നിലപാടെടുത്തിരുന്നു. നേരത്തെ വിജിലന്‍സിന് മുമ്പില്‍ ഹാജരായ വര്‍ക്കല എസ് ആര്‍ മെഡി.കോളേജ് ഉടമ ആര്‍ ഷാജിയും ബിജെപി പുറത്താക്കിയ ആര്‍ എസ് വിനോദും പണമിടപാട് നടന്നില്ലെന്നാണ് മൊഴി നല്‍കിയത്.