കൊച്ചി: ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന സ്വദേശി പി.ജെ വർഗീസാണ് പിടിയിലായത്. സ്ഥലംഇടപാടിൽ വർഗീസ് 25 ലക്ഷം തട്ടിച്ചെന്നാണ് കേസ്.
എറണാകുളം പുത്തൻകുരിശിൽ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് ഇടുക്കി കട്ടപ്പന സ്വദേശി വർഗ്ഗീസ്, കുഞ്ചാക്കോ ബോബനിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വർഗീസും കുഞ്ചാക്കോ ബോബനും സംയുക്തമായി സ്ഥലം വാങ്ങാനായിരുന്നു ധാരണ. എന്നാൽ, പലവിധ കാരണങ്ങളാൽ സ്ഥല ഇടപാട് നടന്നില്ല.
തുടർന്ന് പല തവണ ആവശ്യപ്പെട്ടിട്ടും വർഗീസ് പണം തിരികെ നൽകിയില്ലെന്ന് കാട്ടി കുഞ്ചോക്കോ ബോബൻ കടവന്ത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. നാല് മാസം മുമ്പ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പൊലീസ് വർഗ്ഗീസിനെ പിടികൂടിയത്. കട്ടപ്പനയിൽ നിന്നും അറസ്റ്റ് ചെയ്ത വർഗ്ഗീസിനെ കടവന്ത്ര കോടതിയിൽ ഹാജരാക്കി.
