കൊല്ലം: കുണ്ടറയിൽ പത്ത് വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. പെൺകുട്ടിയുടെതെന്ന പേരിലുള്ള ആത്മഹത്യ കുറിപ്പ് വ്യാജമെന്ന് സംശയം. പെൺകുട്ടിയുടെ കൈപ്പടയല്ലെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലായി.
വീടിനുള്ളിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പത്ത് വയസുകാരിയുടെ മൃതദേഹം ജനുവരി 15 ന് കണ്ടെത്തിയത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത ഉള്ളതിനാല്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
പെണ്‍കുട്ടി ലൈഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ട് ജനുവരി 22ന് കുണ്ടറ സിഐയ്ക്കും കൊട്ടാരക്കര റൂറല്‍ പൊലീസ് മേധാവിക്കും ലഭിച്ചു. പക്ഷേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെക്കുറിച്ച് ആദ്യഘട്ടത്തില്‍ അന്വേഷിക്കാനോ പ്രതികളെ കണ്ടെത്താനോ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കേസുമായി സഹകരിക്കുന്നില്ല എന്നാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുണ്ടറ സിഐ പറഞ്ഞത്. എന്നാല്‍ പോലീസ് അന്വേഷണത്തെ കുറ്റപ്പെടുത്തിബന്ധുക്കള്‍ രംഗത്തു വന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുണ്ടറ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പിന്നാലെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുമെത്തി.
പ്രതിഷേധത്തെത്തുടര്‍ന്ന് ചെറിയ സംഘര്‍ഷവും സ്ഥലത്തുണ്ടായി. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പ്രതിഷേധം കനത്തതോടെ മനുഷ്യവകാശകമ്മീഷന്‍ ഇടപെട്ടു. പോലീസ് വീഴ്ച ഐജി തലത്തില്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുണ്ടറ സിഐയെ താല്‍കാലികമായി സസ്പെന്‍റ് ചെയ്തിട്ടുണ്ട്.
വാളയാറിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസിനുണ്ടായ അതേ വീഴ്ച തന്നെയാണ് കുണ്ടറയിലും സംഭവിച്ചിരിക്കുന്നത്. സിപിഎം ഉള്‍പ്പെട ഈ സംഭവത്തില്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.
