നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്ച സമര്‍പ്പിക്കും മുന്‍പ് വോട്ടര്‍മാരെ നേരില്‍ കാണാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. പിന്നാലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ തുടങ്ങും. കെ.എം മാണിയുടെ പിന്തുണയിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുന്നു. ഭൂരിപക്ഷം എത്രയെന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ ആത്മവിശ്വാസത്തോടെ പറയുന്നു. 

കന്നിക്കാരന്‍റെ ഭയമില്ലെന്നും കുഞ്ഞാലിക്കുട്ടിയെന്ന രാഷ്ട്രീയ പ്രതിയോഗിയെ നേരിടുന്നതില്‍ ആത്മവിശ്വാസക്കുറവില്ലെന്നുമാണ് ഇടത്മുന്നണിയിലെ എം.ബി ഫൈസലിന്റെ അവകാശവാദം. തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഫൈസലിന്റെ പ്രചാരണം. മലപ്പുറത്ത് അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഫൈസല്‍, ഇടത്മുന്നണി സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന വിമര്‍ശനത്തിനും മറുപടി നല്‍കുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമായി മത്സരത്തെ കാണണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശും മത്സരരംഗത്ത് സജീവമാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പിയുടെ നില ഏറെ മെച്ചപ്പെടുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ ആത്മവിശ്വാസം. സ്ഥാനാര്‍ത്ഥികള്‍ സജീവമായതോടെ മലപ്പുറത്തെ പ്രചാരണ ചൂടും കൂടുകയാണ്.