കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ഏറ്റവും വലിയ ശില്പമാണ് രാമക്കല്‍മേട്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇടുക്കി: പ്രാണപ്രേയസിക്കും പൊന്നോമനകള്‍ക്കുമായി കാടുംമേടും താണ്ടി കൊക്കു നിറയെ പഴങ്ങള്‍ നിറച്ച് പറന്നു വരുന്ന മലമുഴക്കി വേഴാമ്പല്‍. മൂടികെട്ടിയ കൂടിനുള്ളില്‍ കൊക്കു മാത്രം പുറത്തേയ്ക്ക് ഇട്ട് തന്റെ പ്രിയനെ കാത്തിരിക്കുന്ന പെണ്‍പക്ഷി. കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്നതുവരെ അവള്‍ ആ ഇരിപ്പാണ് ആ കരുതലിലാണ്. അവള്‍ക്കുറപ്പുണ്ട് തങ്ങള്‍ക്കായി കൊക്കു നിറയെ പഴവുമായി തന്റെ കൂട്ടുകാരനെത്തുമെന്ന്...

വേഴാമ്പലിനോളം പ്രതീക്ഷയില്‍ ജീവിക്കുന്ന മറ്റൊരു പ്രതീകവും പ്രകൃതിയിലില്ല. രാമക്കല്‍മേട്ടില്‍ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ഉയര്‍ത്തി നിര്‍മ്മിയ്ക്കാന്‍ മലമുഴക്കിയോളം പോന്ന മറ്റൊരു പ്രതീകവുമില്ല. നാളെയുടെ കരുതലിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ശില്പി കെ.ആര്‍.ഹരിലാല്‍ 34 അടി ഉയരത്തില്‍ ശില്പം ഒരുക്കിയിരിക്കുന്നത്. മണ്ണില്‍ നിന്നും വേരറ്റു തുടങ്ങുന്ന പടുകൂറ്റന്‍ വൃക്ഷം. വൃക്ഷത്തിന് മുകളില്‍ ഒരു വൃക്ഷ തൈയും കടിച്ച് പിടിച്ച് വിഹായുസിലേയ്ക്ക് പറന്നുയരാന്‍ ശ്രമിയ്ക്കുന്ന വേഴാമ്പല്‍, വരും തലമുറയ്ക്കായി പഴങ്ങള്‍ കൊക്കില്‍ ശേഖരിയ്ക്കുന്നത് പോലെ നാളെയുടെ പ്രകൃതിയ്ക്കായി മരതൈ കൊക്കില്‍ കരുതിയിരിക്കുന്നു. 

കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ഏറ്റവും വലിയ ശില്പമാണ് രാമക്കല്‍മേട്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇടുക്കിയുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതീകമായ കുറവന്‍ കുറത്തി ശില്പത്തോട് ചേര്‍ന്നാണ് പുതിയ ശില്പം. ശില്പം എന്നതിനേക്കാള്‍ ഉപരി വാച്ച് ടവറായാണ് നിര്‍മ്മാണം. 34 അടി ഉയരമുള്ള ശില്പത്തിന്റെ ഏകദേശം 22 അടി ഭാഗത്ത് സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാനായി നില്‍ക്കാനുള്ള അവസരമുണ്ട്. ഇവിടെ നിന്നും രാമക്കല്ലിന്റെയും തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടേയും സഹ്യന്റെ പച്ചപ്പുമെല്ലാം കാഴ്ച്ചയുടെ സീമകളെ ലംഘിക്കും. ഒപ്പം നിങ്ങളെ തഴുകി രാമക്കല്‍മേട്ടിലെ കാറ്റും. 

നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശില്പം ഉടന്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. രണ്ടാം ഘട്ടം എന്ന നിലയില്‍ വാച്ച് ടവറിലേയ്ക്ക് കയറിവരുന്ന ഭാഗങ്ങളില്‍ ഇടുക്കിയുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതീകങ്ങളായ ചുവര്‍ ചിത്രങ്ങള്‍ ഒരുക്കണമെന്ന സ്വപ്നമാണ് ശില്പി കെ.ആര്‍ ഹരിലാല്‍ പങ്കുവെയ്ക്കുന്നത്. ഇടുക്കിയുടെ തുടുപ്പുകള്‍ നേരിട്ടറിഞ്ഞ ചിത്രകാരനാണ് ശില്പിയായ ഹരിലാല്‍. ഇദ്ദേഹം ആദ്യാക്ഷരം കുറിച്ചത് കല്ലാര്‍ പട്ടം കോളനി എല്‍പി സ്‌കൂളില്‍ നിന്നാണ്. പിന്നീട് ചിത്രകലാ അദ്ധ്യാപകനായി ഇടുക്കിയിലെ വിവിധ സ്‌കൂളുകളില്‍ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇടുക്കി വാഴത്തോപ്പിലാണ് താമസം.

മലമുഴക്കി വേഴാമ്പലിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ രാമക്കല്‍മേടിന്റെ വികസനത്തിനായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ ടൂറിസം മേഖലയില്‍ രാമക്കല്‍മേട്ടില്‍ വന്‍ നേട്ടങ്ങള്‍ ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. രാമക്കല്‍മേടും ആമക്കല്ലും കാറ്റാടിപ്പാടങ്ങളും ഉള്‍പ്പെടുന്ന പ്രദേശം കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിയ്ക്കുമെന്ന് പ്രദേശവാസികള്‍ പ്രതീക്ഷിക്കുന്നു.