കോഴിക്കോട്: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ പട്ടയമുള്ളവരെ ഒഴിവാക്കുമെന്ന് മന്ത്രി എം എം മണി. കുറിഞ്ഞി ഉദ്യാനത്തെ കുറിച്ച് ആര്‍ക്കും ആശങ്കവേണ്ടെന്നും ഉദ്യാനം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും എം എം മണി കോഴിക്കോട് വിശദീകരിച്ചു. പത്രക്കാരുടെയും മാധ്യമങ്ങളുടെയും മാത്രം പൊതുസ്വത്താണ് കുറിഞ്ഞി ഉദ്യാനമെന്ന് കരുതേണ്ട. ഉദ്യാനം സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാറിനുണ്ട്, അത് സംരക്ഷിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മണി പറഞ്ഞു.

വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന പട്ടയമുള്ളവരെ ഒഴിവാക്കിയാവും കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയമെന്ന് മന്ത്രി എംഎംമണി വ്യക്തമാക്കി. യുഡിഎഫ് സംഘവും കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില്‍ റവന്യൂമന്ത്രിയുടെ നിലപാടിനോട് യോജിപ്പെന്നും എംഎം മണി പറഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വിസ്തൃതിയുടെ കാര്യത്തില്‍ വ്യക്തത വരൂമെന്നും മണി പറഞ്ഞു. 

പട്ടയമുള്ളവരെ ഒഴിവാക്കണമെങ്കില്‍ കൊട്ടക്കാമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവട വില്ലേജിലെ ബ്ലോക്ക് 68ലെയും പട്ടയഭൂമി ഒഴിവാക്കി അതിര്‍ത്തി നിര്‍ണയം നടത്തണം. ബ്ലോക്ക് 62ല്‍ കര്‍ഷകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും വിവാദഭൂമി ബ്ലോക്ക് 58ലാണ്. കര്‍ഷകരെ മറയാക്കിയാകും വമ്പന്മാരുടെ ഭൂമി സംരക്ഷണം. പട്ടയം ചമച്ച് അനധികൃതമായി ഭൂമി കൈവശം വെച്ചവരില്‍ ഏറെയും വമ്പന്മാരോ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബിനാമികളോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഭൂമി സ്വന്താക്കിയ 151 പേരുടെ പട്ടികയാണ് റവന്യൂ വകുപ്പ് നേരത്തേ തയാറാക്കിയത്. 

അതേസമയം, അടുത്തമാസം ആറിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധി സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാനാകാത്ത റവന്യൂ മന്ത്രിയോട് സഹതാപം തോന്നുന്നുവെന്നും ഇങ്ങനെ മന്ത്രിസഭയില്‍ തുടരണമോയെന്ന് ഇ ചന്ദ്രശേഖരന്‍ ആലോചിക്കണമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള നീക്കത്തെ രമേശ് ചെന്നിത്തല അറിയിച്ചു.