തിരുവനന്തപുരം: കുറിഞ്ഞ‌ി ഉദ്യാനത്തെ കുറിച്ച് മുഖ്യമന്ത്രി ഇന്ന് റവന്യൂ-വനം മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ സാധ്യത. മൂന്നാറിലെ നിര്‍ദ്ദിഷ്ട നീലകുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച മന്ത്രിമാര്‍ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഉദ്യാനത്തിനുള്ളിലെ താമസക്കാരായ കര്‍ഷകരെ ഒഴിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിമാരുടെ റിപ്പോര്‍ട്ട്. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ കുറിച്ചും ഉദ്യാനത്തിന്‍റെ വിസ്തൃതിയെ കുറിച്ചുമാണ് നിര്‍ണായക തീരുമാനമെടുക്കേണ്ടത്.

ഇന്ന് റിപ്പോര്‍ട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് മന്ത്രിമാരെ മുഖ്യമന്ത്രി നേരത്തെ അറിയിച്ചിട്ടുള്ളത്. മന്ത്രിസഭായോഗത്തിനു ശേഷമാകും ചര്‍ച്ച. എന്നാല്‍ ചില തിരക്കുകള്‍ കാരണം ചര്‍ച്ച ഇന്ന് നടക്കുമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.