മുപ്പത് പേരടങ്ങുന്ന സംഘം മേഖലകളില്‍ പരിശോധനകള്‍ നടത്തും

ഇടുക്കി: കുറിഞ്ഞി ആസ്വാദിക്കുവാന്‍ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള ഒരുക്കള്‍ അവസാനഘട്ടത്തില്‍. മൂന്നാര്‍ ടൗണിലെ അനധിക്യത പെട്ടിക്കടകളും വാഹനങ്ങളും നീക്കം ചെയ്യുന്ന നടപടികള്‍ തുടരുകയാണ്. ടൗണിലെ ട്രാഫിക്ക് കുരുക്കുകള്‍ ഒഴിവാക്കുന്നതിനായി ആദ്യഘട്ടമെന്നനിലയില്‍ പോലീസ് മീഡിയം സ്ഥാപിച്ചിരുന്നു. 

ജില്ലാ കളക്ടറുടെ നേത്യത്വത്തില്‍ ഓരോ മാസവും യോഗങ്ങള്‍ നടത്തി ഒരുക്കള്‍ വിലയിരുത്തിവരുന്നു. പാതയോരങ്ങള്‍ കൈയ്യടക്കി നിര്‍മ്മിച്ചിരുന്ന പെട്ടിക്കടകള്‍ മാറിയതോടെ മൂന്നാറിന്റെ മുഖച്ഛയ തന്നെ മാറിക്കഴിഞ്ഞു. സന്ദര്‍ശകരുടെ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നതിന് പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് ട്രൈനിംങ്ങ് സെന്ററും, ഹൈഡല്‍ ടൂറിസം പാര്‍ക്കുമാണ് അധിക്യതര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ആയിരത്തിലധികം വാഹനങ്ങള്‍ നിര്‍ത്തുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

ഉടുമല്‍പ്പട്ട് വഴി മൂന്നാറിലെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് രാജമലയിലും സൗകര്യമുണ്ട്. 180 വാഹനങ്ങള്‍ നിര്‍ത്തുന്നതിനാണ് വനംവകുപ്പിന്റെ നേത്യത്വത്തില്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. വലിയ വാഹനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ 40 മിനി ബസുകള്‍ രാജമലയിലേക്ക് സര്‍വ്വീസ് നടത്തും. അവിടെ നിന്ന് വനംവകുപ്പിന്റെ ബസുകളിലുമായിരിക്കും യാത്ര. 

രാജമലയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇത്തവണ ക്യൂവില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങേണ്ടിവരില്ലെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പഴയ മൂന്നാറിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും മൂന്നാര്‍ ഓഫീസും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വാര്‍ഡന്‍ ആര്‍. ലക്ഷ്മി പറഞ്ഞു. കുറിഞ്ഞിപ്പൂക്കള്‍ സംരക്ഷിക്കാന്‍ കുറിഞ്ഞി പ്രോട്ടക്ഷന്‍ ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്. രാജമലയിലെത്തുന്ന സന്ദര്‍ശകര്‍ കഴിഞ്ഞ പ്രാവശ്യം വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയും പൂക്കള്‍ പറിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും പൂക്കള്‍ സംരക്ഷിക്കുന്നതിനുമാണ് ഫോഴ്സിന് രൂപം നല്‍കിയിരിക്കുന്നത്. മുപ്പത് പേരടങ്ങുന്ന സംഘം മേഖലകളില്‍ പരിശോധനകള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.