പീഡിപ്പിക്കപ്പെട്ടു എന്ന് കന്യാസ്ത്രീ പറയുന്ന ദിവസങ്ങളില്‍ ജലന്ധര്‍ ബിഷപ്പ് കോട്ടയത്തുണ്ടായിരുന്നു

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് ക്രൈംബ്രാഞ്ച് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. 

2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോമാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നു. ഇതിനിടെ 13 തവണ തന്നെ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നു. 2016-ന് ശേഷമാണ് സംഭവത്തില്‍ പരാതിയുമായി പലരേയും സമീപിച്ചത്. കുറുവിലങ്ങാട്ടെ വികാരിയ്ക്കും പാലാ ബിഷപ്പിനുമാണ്.

പിന്നീട് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹത്തോടും ഈ കന്യാസ്ത്രീ താന്‍ നേരിട്ട പീഡനത്തെക്കുറിച്ചു പറഞ്ഞു എന്നാല്‍ തന്‍റെ കീഴില്‍ ഉള്ള സഭയില്‍ അല്ല സംഭവം എന്നതിനാല്‍ തനിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇവരെ അറിയിച്ചു. വിഷയത്തില്‍ വത്തിക്കാനെ സമീപിക്കാനും അദ്ദേഹം ഉപദേശിച്ചു. ഇതു പ്രകാരം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും വത്തിക്കാനിലേക്ക് നേരിട്ടും ഇവര്‍ ഇ-മെയില്‍ വഴി പരാതി അയച്ചു.

താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് കന്യാസ്ത്രീ മൊഴി നല്‍കിയ തീയതികളില്‍ ബിഷപ്പ് കുറുവിലങ്ങാട് ഉണ്ടായിരുന്നുവെന്ന് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. വൃദ്ധസദനവും വനിതാ ഹോസ്റ്റലുമാണ് കുറുവിലങ്ങാടുള്ളത്. ഇവിടെ സന്ദര്‍ശനം നടത്താന്‍ മാത്രമാണ് ബിഷപ്പിന് അനുമതിയുള്ളൂവെങ്കിലും അദ്ദേഹം അവിടെ താമസിച്ചു എന്ന് മൊഴിയിലുണ്ട്. ഇവരുടെ രഹസ്യമൊഴി ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും. 

അതേസമയം കുറുവിലങ്ങാട്ട മഠത്തില്‍ പരാതിക്കാരിക്കൊപ്പം താമസിക്കുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴിയും വരുംദിവസങ്ങളില്‍ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. കുറുവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകള്‍ സംഭവത്തില്‍ പരാതിക്കാരിയെ പിന്തുണച്ച് മൊഴി നല്‍കും എന്നാണ് പുറത്തു വരുന്ന വിവരം. വിഷയത്തില്‍ മഠത്തിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും പ്രബലവിഭാഗത്തിന്‍റെ പിന്തുണ പരാതിക്കാരിക്കുണ്ടെന്നാണ് സൂചന.