ഇടുക്കി: ആറ് ജില്ലകളിലെ 50ഓളം മോഷണക്കേസുകളിലെ പ്രതി തൊടുപുഴയില്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഫിറോസ്കിയെയാണ് പൊലീസ് പിടികൂടിയത്. ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ കയറി പണവും മൊബൈല്‍ ഫോണും മോഷ്‌ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

തൊടുപുഴയിലെ ഒരു ലോഡ്ജിലെ മോഷണവുമായി ബന്ധപ്പെട്ടാണ് കുതിര ഫിറോസ് എന്ന ഫിറോസ്കി പൊലീസിന്റെ പിടിയിലായത്. ഒരു സുരക്ഷാ ഏജന്‍സിയുടെ പരസ്യം കണ്ട് ജോലി അന്വേഷിച്ചാണ് തൊടുപുഴയില്‍ എത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കമ്പനി ഏര്‍പ്പാടാക്കിയ ലോഡ്ജില്‍ തങ്ങുന്നതിനിടെ, മറ്റൊരു താമസക്കാരന്റെ മുറിയില്‍ നിന്ന് 8,100 രൂപ മോഷണം പോയി. ലോഡ്ജില്‍ പരിശോധനക്കെത്തിയ പൊലീസ് സംശയകരമായ സാഹചര്യത്തില്‍ കണ്ട ഫിറോസ്കിയെ കസ്റ്റഡിയിലെടുത്തു. മോഷണം പോയ പണം, ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. 

വിശദമായ ചോദ്യംചെയ്യലിലാണ് വിവിധ ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസിന് മനസ്സിലായത്. സമീപത്തെ പള്ളിയിലും സ്കൂളുകളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പാലായിലെ ഒരു സ്കൂളിലെ സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്‌ടാവ് ഫിറോസ്കിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.