കണ്ണൂർ: എം.വി രാഘവനെ കൊലയാളിയെന്ന് വിളിച്ച് കൂത്തുപറമ്പ് രക്തസാക്ഷിയുടെ പിതാവ് പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ കണ്ണൂരിൽ എം.വി.ആർ ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നേരിട്ട് പങ്കെടുക്കാനാകാത്തതിനാൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് മുഖ്യമന്ത്രി ചടങ്ങിൽ സംസാരിച്ചത്.

പ്രസംഗത്തിൽ എം.വി ആറിനെ പരാമർശിക്കാതിരുന്ന മുഖ്യമന്ത്രി രാഷ്ട്രീയവും ചർച്ചയാക്കിയില്ല. അതേസമയം എം.വി ആറിനെ ജീവനുള്ള കാലത്തോളം കൊലയാളിയെന്ന് തന്നെ വിളിക്കുമെന്ന് കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് വാസുവാണ് ഫേസ്ബുക്കിൽ കുറിച്ചത്.

തന്‍റെ മകനടക്കം 5 പേരെ കൊലപ്പെടുത്തിയ എം.വി രാഘവനിൽ നിന്ന് അവസാന കാലത്തെങ്കിലും ഒരു ഖേദപ്രകടനം പ്രതീക്ഷിച്ചുവെന്ന് രക്തസാക്ഷികളിൽ ഒരാളായ റോഷന്റെ പിതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്, കണ്ണൂരിൽ എം.വി.ആർ അനുസ്മരണം നടക്കുന്നത് തൊട്ടു മുൻപായിരുന്നു. അധികാര പ്രമത്തത കാരണം അതിന് പോലും തയാറാകാതിരുന്ന എം.വി രാഘവനെ ജീവനുള്ള കാലത്തോളവും, വരുംതലമുറക്ക് മുന്നിലും കൊലയാളിയെന്ന് അടയാളപ്പെടുത്തുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ ചുരുക്കം. 

അവസാനകാലത്ത് എം.വി രാഘവനുമായി സിപിഎം അടുത്തതിന് ശേഷം ഒരു രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള ശക്തമായ പ്രതികരണം ഇതാദ്യമാണ്. അതേസമയം നേരിട്ടെത്താനാവത്തതിനാൽ വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുത്ത മുഖ്യമന്ത്രി ദേശീയ രാഷ്ട്രീയത്തിലെ ചില സമീപകാല സംഭവങ്ങൾ പരാമർശിച്ച് പ്രസംഗം അവസാനിപ്പിച്ചു. ഇന്ത്യൻ ദേശീയ സാഹചര്യവും ഇടതുപക്ഷവും എന്നതായരുന്നു സെമിനാർ.

എം.വി. ആർ ഫൗണ്ടേഷൻ പുരസ്കാരം ചടങ്ങിൽ ഡോക്ടർ വി.പി ഗംഗാധരന് സമർപ്പിച്ചു. നാളെയാണ് സിഎംപി സി.പി ജോൺ വിഭാഗം നടത്തുന്ന അനുസ്മരണ ചടങ്ങ്.